മരിയ ഷറപ്പോവയ്ക്ക് രണ്ടുവർഷം വിലക്ക്

595

ലണ്ടൻ∙ മരിയ ഷറപ്പോവയെ രാജ്യാന്തര ടെന്നിസ് മൽസരങ്ങളിൽ നിന്ന് രണ്ടു വർഷത്തേക്കു വിലക്കി. ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണിത്. രാജ്യാന്തര ടെന്നിസ് ഫെഡറേഷനാണ് വിലക്കിയത്. ജനുവരിയിലെ ഓസ്ട്രേലിയൻ ഓപ്പൺ മൽസരത്തിൽ മെൽഡോണിയം എന്ന നിരോധിത മരുന്ന് ശരീരത്തിൽ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് മാർച്ചിൽ താൽക്കാലികമായി വിലക്കിയിരുന്നു.

ഹൃദയസംബന്ധമായ രോഗത്തിനുള്ള മരുന്നാണ് ഷറപ്പോവയ്ക്ക് വിലക്കുവാങ്ങിക്കൊടുത്തത്. 2006 മുതൽ ആരോഗ്യകാരണങ്ങളാൽ ഷറപ്പോവ ഈ മരുന്നു കഴിച്ചിരുന്നു. ഈ വർഷം ജനുവരി ഒന്നുമുതലാണ് മരുന്ന് നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ വന്നത്. വിലക്ക് 2016 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നതായി ഐടിഎഫ് അറിയിച്ചു.

അതേസമയം, മെൽഡോണിയം ശരീരത്തിൽ എത്രനാൾ ഉണ്ടാകുമെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് ഏപ്രിലിൽ ശാസ്ത്രജ്ഞൻമാർ അംഗീകരിച്ചിരുന്നു. മാത്രമല്ല, മാർച്ച് ഒന്നിനു മുൻപ് പരിശോധനയിൽ പോസിറ്റീവ് ആണെന്നു തെളിയുന്ന അത്‌ലറ്റുകളെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്നും ശാസ്ത്രസംഘം അഭ്യർഥിച്ചിരുന്നു.

മരുന്ന് നിരോധിത പട്ടികയിൽ പെടുന്നതാണെന്ന് അറിയില്ലായിരുന്നുവെന്ന് ഷറപ്പോവ പ്രതികരിച്ചു. മിൽഡ്രൊണേറ്റ് എന്നപേരിലാണ് ആ മരുന്ന് താൻ അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY