മാനഭംഗ ശ്രമത്തിന് ഇന്ത്യൻ ക്രിക്കറ്റ്‌ താരം സിംബാബ്‍വെയിൽ അറസ്റ്റിലായതായി റിപ്പോർട്ട്

582

ഹരാരെ∙ സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമായ താരത്തെ മാനഭംഗ ശ്രമത്തിന് സിംബാബ്‌വെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇന്ത്യൻ ടീമംഗങ്ങൾ താമസിക്കുന്ന ഹരാരെയിലെ മൈക്കൽസ് ഹോട്ടലിലെ താമസക്കാരിയായ സ്ത്രീയെയാണ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് ആരോപണം. ന്യൂസിംബാബ്‌വെ ഡോട് കോം എന്ന വെബ്സൈറ്റാണ് വാർത്ത പുറത്തുവിട്ടത്. അതേസമയം, ക്രിക്കറ്റ് താരമല്ല ടീമിന്റെ സ്പോൺസർമാരുമായി ബന്ധമുള്ള വ്യക്തിയാണ് അറസ്റ്റിലായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇയാൾ ആരോപണം നിഷേധിച്ചതായും മന്ത്രാലയ വക്താവ് അറിയിച്ചു.

മദ്യലഹരിയിലായിരുന്ന താരം ലോബിയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ അസഭ്യം പറയുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇത്തരമൊരു സംഭവം നടന്നതായി അസിസ്റ്റന്റ് കമ്മിഷ്ണർ ചാരിറ്റി ചരാംബ സ്ഥിരീകരിച്ചു. ഇന്ത്യൻ പൗരനായ വ്യക്തി തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി സിംബാബ്‌വെക്കാരിയായ യുവതി പരാതി നൽകിയിട്ടുണ്ട് – ചാരിറ്റി പറഞ്ഞു.

അതേസമയം, അറസ്റ്റിലായ വ്യക്തി ഇന്ത്യൻ പൗരനാണെന്നല്ലാതെ ദേശീയ ടീം താരമാണെന്നതിന് സ്ഥിരീകരണമില്ല. സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും താമസം ഏർപ്പെടുത്തിയിരിക്കുന്നത് ഇതേ ഹോട്ടലിലാണ്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ചാരിറ്റി ചരാംബ അറിയിച്ചു. പിടിയിലായ ആളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി അവർ അറിയിച്ചു.

സിംബാബ്‌വെയിലെ ഇന്ത്യൻ അംബാസ‍ഡർ ഉൾപ്പെടെയുള്ള ഉന്നതർ സ്ഥലത്തെത്തിയാതായും താരത്തെ അറസ്റ്റ് ചെയ്യാതെതന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. മാനഭംഗശ്രമത്തിന് ഇരയായെന്ന് പരാതി നൽകിയ യുവതിയും സംഭവസമയത്ത് മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി സംഭവം വളരാൻ സാധ്യതയേറെയായതിനാൽ കരുതലോടെയാണ് സിംബാബ്‌വെ അധികൃതരുടെ നീക്കം.
courtsy : manorama online

NO COMMENTS

LEAVE A REPLY