തിരുവനന്തപുരം: മുസ്ലിം വിമുക്ത ഇന്ത്യയാണു ലക്ഷ്യമെന്ന സാധ്വി പ്രാചിയുടെ പ്രസ്താവനയ്ക്കെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ ഈശ്വര്‍ നല്കിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് മുക്തഭാരതം സ്വന്തമായി, ഇനി മുസ്ലിം വിമുക്ത ഭാരതമാണു ലക്ഷ്യമെന്നായിരുന്നു സാധ്വി പ്രാചിയുടെ പ്രസ്താവന. ഇതു വിവാദമായതോടെ തങ്ങള്‍ക്കു സാധ്വിയുമായി ഒരു ബന്ധവുമില്ലെന്ന പ്രതികരണവുമായി വിഎച്ച്പി നേതാക്കള്‍ രംഗത്തെത്തി. ഇതിനിടെയാണു പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഈശ്വറും പരാതി നല്‍കിയത്.
ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം നടന്നത്.
മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ മുസ്ലിം വിമുക്തമാക്കും എന്ന പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്നു കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. പൊലീസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തിയശേഷമാണു പരാതി കൊടുത്തതെന്നു രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. സൈബര്‍ സെല്‍ അധികൃതരെയും കണ്ടു സംസാരിച്ചുവെന്നും സാധ്വി പ്രാചിക്കെതിരെ കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
തീവ്ര മതപരിവര്‍ത്തന വാദം, മാവോയിസം തുടങ്ങിയ ചിന്താഗതികള്‍ ഇന്ത്യക്ക് ആവശ്യമില്ല. മുസ്ലിം വിമുക്ത ഇന്ത്യയല്ല നമുക്ക് ആവശ്യം. എല്ലാ ജാതി-മത വിഭാഗക്കാര്‍ക്കും ഭയമേതുമില്ലാതെ കഴിയാന്‍ പറ്റുന്ന ഇന്ത്യയാണു വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.