ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. നേരത്തെ ജൂണ്‍ 7 ന് കേരളത്തില്‍ തെക്ക് കിഴക്കന്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഉത്തരേന്ത്യന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത ചൂട് അടുത്ത അഞ്ചു ദിവസംകൂടി തുടരും. ഹിമാലയന്‍ മേഖലയിലുള്ള സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇക്കൊല്ലം കനത്ത മഴയായിരിക്കും.