തിരുവനന്തപുരം: തനിക്കെതിരെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ഉന്നയിക്കുന്ന ആരോപണത്തില്‍ ദുരൂഹതയുണ്ടെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. ജൂണ്‍ ഏഴിന് തന്നെ കാണാന്‍ വന്ന് തിരിച്ചുപോയ അഞ്ജു രണ്ട് ദിവസത്തിന് ശേഷം തന്നെ ശാസിച്ചു എന്ന വാര്‍ത്ത പുറത്തുവിടുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ജയരാജന്റെ വാദം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് തന്നെ കാണാനെത്തിയത്. വളരെ മാന്യമായാണ് ഇവരോട് സംസാരിച്ചതും. കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നിയമനത്തിലെ അപാകതയും ഫണ്ട് വിനിയോഗത്തിലെ നിരുത്തരവാദിത്വവും അഴിമതിയാണെന്ന് താന്‍ വ്യക്തമാക്കിയിരുന്നെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മാറിവന്നാല്‍ പുതിയ സര്‍ക്കാരിന്റെ കായിക നയങ്ങളും തീരുമാനങ്ങളും ബാധകമാകേണ്ടതുണ്ട്. ചിലര്‍ക്ക് വിമാനയാത്ര അനുവദിച്ചതും വിദേശയാത്ര പോയതും അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അഞ്ജുവിനെ അറിയിച്ചു. തുടര്‍ന്ന് അഞ്ജുവുമായി സൗഹൃദത്തിലാണ് പിരിഞ്ഞതെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.സ്പോര്‍ട്സ് കൗണ്‍സിലിലെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താതിരിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയമുണ്ട്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ച. അഞ്ജുവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.