ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ബി.ജെപി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉറപ്പു നല്‍കി. ആറന്മുളയെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ദേശീയ പുരാവസ്തു ഗവേഷണ സംഘം ആറന്മുള സന്ദര്‍ശിക്കും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കേരളത്തില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികളാണ് ചര്‍ച്ചയായത്. കേരളത്തിലെ നാണ്യവിള രംഗത്തെ പ്രതിസന്ധികള്‍ ഇല്ലാതാക്കാനായി കര്‍ഷകരേയും കാര്‍ഷിക വിപണന വിദഗ്ദരേയും ഉള്‍പ്പെടുത്തി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്ത്വത്തില്‍ കേരളത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ഉരുത്തിരിയുന്ന ആശയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. ഇതിനായി മന്ത്രി ആഗസ്റ്റില്‍ കേരളത്തിലെത്തും. അതിരപ്പിള്ളി പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതികാനുമതിക്ക് 2017 വരെയാണ് കാലാവധിയുള്ളത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്ന് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉറപ്പു നല്‍കിയതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുമായി സസ്ഥാനസര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ബി.ജെ.പി ശക്തമായി പ്രതിരോധിക്കും. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ വനിതാക്കമ്മീഷനു പുറമേ ബാലാവകാശകമ്മീഷന്‍ സംഘവും ഇരകളായവരെ സന്ദര്‍ശിക്കും. സി.പി.എമ്മുകാര്‍ കണ്ണൂരില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച കുട്ടിയുടെ മൊഴിയെടുക്കും.
കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആറന്മുള വള്ളം കളിയിലെ 51 പള്ളിയോടങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ആറന്മുളയെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ദേശീയ പുരാവസ്തു ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദ സംഘം ആറന്മുള സന്ദര്‍ശിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.