തിരുവനന്തപുരം ∙ സര്‍ക്കാരിന് ഏകാധിപത്യ പ്രവണതയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്നു. തലശേരിയിലെ ദലിത് യുവതികളുടെ അറസ്റ്റ് അറിയില്ലെന്ന നിലപാട് ശരിയല്ല. മുഖ്യമന്ത്രിയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലുളള പിണറായി വിജയൻ സത്യം മറച്ചുവയ‍്ക്കാൻ ശ്രമിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
തലശ്ശേരിയിലെ സിപിഎം നേതാക്കളുടെ പ്രവർത്തികളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. കണ്ണൂരിനെ സംഘര്‍ഷഭൂമിയാക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ഇന്നലെ രാത്രിയിൽ നവജീവൻ വായനശാലയ്ക്ക് നേരെ ബോംബേറ് ഉണ്ടായി. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് പറഞ്ഞ വാക്കിൽ നിന്നു പിണറായി മാറി. ഇപ്പോൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
ദലിത് യുവതികളെ അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് പൊലീസിനോട് ചോദിക്കണമെന്ന് പ്രതികരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെയും സുധീരൻ ചോദ്യം ചെയ്തു. എല്ലാം പൊലീസിനോട് ചോദിക്കാനാണെങ്കിൽ എന്തിനാണ് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും, പൊലീസ് ഭരിച്ചാൽ പോരെയെന്നും സുധീരൻ ചോദിച്ചു. പിണറായിയുടെ മറുപടി അത്ഭുതകരവും വിചിത്രവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ മജിസ്ട്രേറ്റിനെതിരെയും രൂക്ഷമായ വിമർശനമാണ് സുധീരൻ നടത്തിയത്. കണ്ണൂരില്‍ അറസ്റ്റിലായ യുവതികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ ജ്യാമ്യാപേക്ഷ കൊടുത്തില്ല എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ തലശ്ശേരിയിലെ ദലിത് യുവതികൾ ജാമ്യത്തിനായി കണ്ണൂർ മജിസ്ട്രേറ്റിനെ സമീപിച്ചപ്പോൾ അപേക്ഷ സ്വീകരിച്ചില്ല എന്നതാണ് സത്യം. മജിസ്ട്രേറ്റിന്റെ നടപടി ദുരൂഹമാണ്. ജനങ്ങൾ നീതിക്ക് വേണ്ടിയാണ് നീതിപീഠത്തെ സമീപിക്കുന്നത്. നീതിയും ന്യായവും നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
എന്നാൽ തലശേരിയിലെ യുവതികൾക്ക് ഈ നീതി ലഭിച്ചില്ല. വെറും സാങ്കേതികമായി മാത്രം കാര്യങ്ങളെ നോക്കി. ഒന്നര വയസുള്ള കുട്ടിയെ പോലും ജയിലിലേക്ക് അയക്കുന്ന അവസ്ഥയുണ്ടായി. മനുഷ്യത്വമെന്ന വികാരം തെല്ലെങ്കിലും ഉണ്ടെങ്കിൽ ആരെങ്കിലും ഇത്തരം നടപടി സ്വീകരിക്കുമോ?. ദലിത് സഹോദരിമാരെ ഭീകരൻമാരെ കൈകാര്യം ചെയ്യുന്ന പോലെയാണ് കൈകാര്യം ചെയ്തത്. ഇവർക്കെതിരെയുള്ളത് കള്ളക്കേസാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
courtsy : manorama online