ബ്രസീലിന് ഹെയ്തിക്കെതിരായ തകര്‍പ്പന്‍ ജയം

706

ര്‍ലാന്‍ഡോ: കഴിഞ്ഞ ലോകകപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിയില്‍ നിന്നേറ്റ ഏഴു ഗോളിന്റെ പേരുദോഷത്തിന് രണ്ടു വയസു തികയാന്‍ കൃത്യം ഒരു മാസം ശേഷിക്കെ, മറ്റൊരു അന്താരാഷ്ട്ര വേദിയില്‍ ഏഴു ഗോള്‍ തിരിച്ചടിച്ച്‌ കാനറികള്‍ കണക്കുതീര്‍ത്തു. ലോകറാങ്കിങ്ങില്‍ 74-ാം സ്ഥാനക്കാരായ ഹെയ്തി താരതമ്യേന ദുര്‍ബലരായ എതിരാളികളായിരുന്നെങ്കിലും ഏറെ പഴി കേട്ട തോല്‍വിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ സാധിച്ചത് ബ്രസീല്‍പ്പടയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നുറപ്പ്. ഫിലിപ്പ് കൊട്ടിന്യോയുടെ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യമല്‍സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങി കോപ്പയ്ക്ക് മങ്ങിയ തുടക്കമിട്ട ബ്രസീലിന് ഹെയ്തിക്കെതിരായ തകര്‍പ്പന്‍ വിജയം വരും മല്‍സരങ്ങളിലും പ്രതിഫലിക്കും.
തോല്‍വിയറിയാതെ ബ്രസീല്‍ പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ എട്ടാം മല്‍സരമാണിത്. 14, 29, 90+ മിനിറ്റുകളിലായിരുന്നു കൊട്ടിന്യോയുടെ ഗോളുകള്‍. കുറഞ്ഞത് 10 ഗോളുകള്‍ക്കെങ്കിലും ബ്രസീല്‍ ജയിക്കേണ്ടിയിരുന്ന മല്‍സരത്തില്‍ ഹെയ്തിക്ക് തുണയായത് ഗോള്‍കീപ്പര്‍ ജോണി പ്ലാസിഡിന്റെ അത്യുഗ്രന്‍ സേവുകള്‍. വിജയത്തോടെ നാലു പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഒപ്പം പെറുവിനെതിരായ ആദ്യമല്‍സരവും ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ഹെയ്തി പുറത്തേക്കുള്ള വഴി ഉറപ്പിക്കുകയും ചെയ്തു. ഗോള്‍നില സൂചിപ്പിക്കും പോലെ തന്നെയായിരുന്നു മത്സരഗതിയും. ബ്രസീലിന്റെ മുന്നേറ്റത്തിന് മുന്നില്‍ ഉത്തരമില്ലാതെ വട്ടംകറങ്ങുകയായിരുന്നു ഹെയ്ത്തിക്കാര്‍.
കൊട്ടീന്യോയുടെ ഹാട്രിക്കിന് പുറമെ, റെനാറ്റോ അഗസ്റ്റോയുടെ ഇരട്ടഗോളും ഗബ്രിയേല്‍, ലൂക്കാസ് ലിമ എന്നിവരുടെ ഗോളുകളും ബ്രസീല്‍ വിജയത്തിന് കരുത്തായി. ജയിംസ് മാര്‍സലിന്റെ വകയായിരുന്നു ഹെയ്തിയുടെ ആശ്വാസഗോള്‍. പതിനാലാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസിന്റെ ഒന്നാന്തരമൊരു പാസില്‍ നിന്നായിരുന്നു കൊട്ടിന്യോയുടെയും ബ്രസീലിന്റേയും ആദ്യ ഗോള്‍. പിന്നീടങ്ങോട്ട് ബ്രസീല്‍ താണ്ഡവമായിരുന്നു കളിക്കളത്തില്‍ കണ്ടത്. ആദ്യപകുതിയില്‍ തന്നെ ബ്രസീല്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. സ്കോറിങ്ങിന് തുടക്കമിട്ട കൊട്ടീന്യോ, 29-ാം മിനിറ്റിലും ഗോള്‍ നേടി ലീഡ് വര്‍ധിപ്പിച്ചു. കോപ്പയില്‍ ബ്രസീലിന്റെ 400-ാം ഗോളായിരുന്നു ഇത്. 35-ാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റോയും ഗോള്‍ കണ്ടെത്തിയതോടെ ആദ്യപകുതിയില്‍ ബ്രസീല്‍ 3-0ന് മുന്നില്‍. ശക്തരായ പെറുവിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മല്‍സരം. ആദ്യമല്‍സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതോടെ വിജയം കൂടിയേ തീരൂ എന്ന നിലയിലായിരുന്നു ഹെയ്തിക്കെതിരെ ബ്രസീലിന്റെ പടയൊരുക്കം.
രണ്ടാം പകുതിയിലും ബ്രസീല്‍ മോശമാക്കിയില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം 59-ാം മിനിറ്റില്‍ ഗബ്രിയേലിലൂടെ അവര്‍ വീണ്ടും മുന്നില്‍ കയറി. 67-ാം മിനിറ്റില്‍ ലൂക്കാസ് ലിമയിലൂടെ ബ്രസീല്‍ അഞ്ചാം ഗോളും കണ്ടെത്തിയെങ്കിലും മൂന്നു മിനിറ്റിനുശേഷം ഹെയ്തി ആദ്യഗോള്‍ തിരിച്ചടിച്ചു. ഗോളി തടുത്തിട്ട പന്ത് ഓടിയെത്തിയ ജയിംസ് മാര്‍സലിന്‍ വലയിലേക്ക് തൊടുക്കുമ്ബോള്‍ ഗോളിയും ബ്രസീല്‍ പ്രതിരോധവും നിസഹായരായിരുന്നു. ബ്രസീലിന്റെ പഴയ പ്രതിരോധ പിഴവുകളെ ഓര്‍മപ്പെടുത്തിയ ഗോള്‍. 86-ാം മിനിറ്റില്‍ ഇരട്ടഗോള്‍ തികച്ച റെനാറ്റോ അഗസ്റ്റോയും അധികസമയത്ത് ഹാട്രിക്ക് തികച്ച കൊട്ടീന്യോയും ചേര്‍ന്ന് ഗോള്‍നേട്ടം ഏഴിലെത്തിച്ചതോടെ കോപ്പയില്‍ വീണ്ടും കാനറികളുടെ ചിറകടിയൊച്ച.
Dailyhunt

NO COMMENTS

LEAVE A REPLY