തിരുവനന്തപുരം∙ മന്ത്രിസഭ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവ്. യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാനകാലത്തെ മന്ത്രിസഭ തീരുമാനങ്ങളാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍പ്പു കല്‍പ്പിച്ചു കൊണ്ടാണ് കമ്മിഷൻ ഉത്തരവിറക്കിയത്. മന്ത്രിസഭയോഗ തീരുമാനങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും കമ്മിഷൻ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്തെ മന്ത്രിസഭ തീരുമാനങ്ങളാവശ്യപ്പെട്ടു നല്‍കിയ വിവരാവകാശ അപേക്ഷയാണ് പൊതുഭരണ വകുപ്പ് തളളിയത്. വിവരാവകാശനിയമ പ്രകാരം നല്‍കാവുന്നതും നിയമത്തിന്‍റെ പരിധിയിൽ വരാത്തതുമായ വിവരങ്ങൾ മന്ത്രിസഭയോഗങ്ങളിൽ ഉണ്ടാകാറുണ്ടെന്നും ഇതു വേര്‍തിരിച്ച് നല്‍കുന്നത് അപ്രായോഗികമാണെന്നുമുളള വാദമുയര്‍ത്തിയാണ് പൊതുഭരണവകുപ്പ് ഈ അപേക്ഷ തളളിയത്.
തുടര്‍ന്ന് അപേക്ഷകനായ വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. അപ്പീലിന്‍മേലുളള വാദം വിശദമായി കേട്ട േശഷമാണ് പൊതുഭരണവകുപ്പിന്‍റെ നിലപാട് സംസ്ഥാന വിവരാവകാശ കമ്മിഷണർ വിന്‍സൺ എം. പോൾ തളളിക്കളഞ്ഞത്. ദുര്‍ബലമായ വാദങ്ങൾ ഉയര്‍ത്തി മന്ത്രിസഭയോഗ തീരുമാനങ്ങൾ നിരസിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭയോഗം കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട തീരുമാനങ്ങൾ നിശ്ചയമായും പുറത്തു വിടണമെന്നും മുഖ്യവിവരാവകാശ കമ്മിഷണർ ഉത്തരവിലൂടെ വ്യക്തമാക്കുന്നു.
മന്ത്രിസഭയോഗ തീരുമാനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും പൊതുഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.