ചോദ്യം: സദ്ഗുരു, രുദ്രാക്ഷത്തെക്കുറിച്ച് ഒന്ന് പറഞ്ഞുതരാമോ? പ്രത്യേകിച്ചും മറ്റുള്ള വിത്തുകളില്‍ നിന്നും അതെങ്ങനെ വ്യത്യസ്തമാണെന്നതിനെപ്പറ്റി?
സദ്ഗുരു: പ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്കും ഒരു സ്പന്ദനത്തിനോടൊ, പ്രകമ്പനത്തിനോടൊ പ്രതിധ്വനിക്കാനുള്ള ശക്തിവിശേഷമുണ്ട്. നമ്മെ ഏതെങ്കിലും ഒരു ദിശയിലേയ്ക്ക് അല്ലെങ്കില്‍ ലക്ഷ്യത്തിലേക്ക് നയിക്കാനും തുണയ്ക്കാനും കഴിവുളള വസ്തുക്കളെ തിരിച്ചറിയാന്‍ നാം ശ്രമിക്കാറുണ്ട്. രുദ്രാക്ഷം മാത്രമല്ല പുഷ്പങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍ എന്നിവയില്‍ പലതും നമുക്ക് അനുഗുണമായിട്ടുള്ളവയാണെന്ന് പുരാതനകാലത്തു തന്നെ ശാസ്ത്രീയമായ പഠനങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണമായി ആട് മനുഷ്യന് യോജിച്ച ഒരു മൃഗമായി തിരഞ്ഞെടുക്കുവാന്‍ പറ്റിയതല്ല, നേരെമറിച്ച് ഒരു കാളയോ, സര്‍പ്പമോ അല്ലെങ്കില്‍ ഒരു മയിലൊ അനുഗുണമായ മൃഗമാണെന്ന് കാണാം. കാരണം, മേല്‍പ്പറഞ്ഞ ജീവികള്‍ക്കൊക്കെ ഒരു പ്രത്യേക വൈകാരികാനുഭൂതിയുണ്ട് എന്നതുതന്നെ.
പത്ത്-പതിനൊന്ന് വയസുള്ള കാലത്ത് വളരെയധികം സമയം ഞാന്‍ കാട്ടില്‍ കഴിച്ചുകൂട്ടുമായിരുന്നു, ചാമുണ്ഡി കുന്നുകളിലും മറ്റും. വെറുതെ ഒരു സ്ഥലത്തിരിയ്ക്കുമ്പോള്‍ ഒരു ദിവസം ഉച്ചയ്ക്കുശേഷമുള്ള സമയം കൊണ്ട് അഞ്ചും പത്തും പാമ്പുകളെ ഞാന്‍ പിടിക്കുമായിരുന്നു, അതിനുള്ള ഒരു കാരണം പാമ്പുപിടിത്തത്തില്‍ ഞാന്‍ അന്നേ ഒരു പ്രത്യേക കഴിവ് നേടിയിട്ടുണ്ടായിരുന്നു എന്നതായിരുന്നു. എനിക്കവയുടെ രീതികള്‍ മനസ്സിലാവുമായിരുന്നു. മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുപോയ വഴികളില്‍ കാര്യമായിട്ട് പാടുകളൊന്നും പ്രത്യക്ഷപ്പെടാറില്ല. വളരെ ശ്രദ്ധിച്ചു നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ഒരു പ്രത്യേക മണവും ചെറിയ ചെറിയ അടയാളങ്ങളും വച്ചു മാത്രമെ അടുത്തിടെ ഒരു മൂര്‍ഖന്‍ ഇഴഞ്ഞുപോയിട്ടുണ്ട് എന്ന് മനസിലാക്കാന്‍ കഴിയൂ.
അപ്പോഴൊക്കെ എന്റെ കഴിവിനെക്കുറിച്ച് ഞാന്‍ വളരെ അഭിമാനിച്ചിരുന്നു. പിന്നീട്, വളരെക്കാലത്തിനു ശേഷം, ഞാന്‍ ധ്യാനനിമഗ്‌നനായി ഇരിക്കാന്‍ തുടങ്ങിയതു മുതല്‍ മാത്രമാണ്, ആ പാമ്പുകളെ ഞാന്‍ കണ്ടെത്തിയതല്ല, മറിച്ച് അവ എന്റെ കണ്‍മുന്നിലേക്ക് സ്വയം വന്നെത്തിയതാണെന്ന സത്യം മനസ്സിലായത്. പലപ്രാവശ്യം, ഉച്ച കഴിഞ്ഞ് രണ്ടു മണിയ്ക്കും അഞ്ചു മണിയ്ക്കും ഇടയ്ക്കുള്ള സമയം, ഞാന്‍ കാട്ടില്‍ കണ്ണുമടച്ച് നിശ്ചലനായി ഇരുന്ന ശേഷം കണ്ണു തുറക്കുമ്പോള്‍ എനിക്ക് ചുറ്റും അഞ്ചെട്ടു മൂര്‍ഖന്‍ പാമ്പുകള്‍ പ്രത്യക്ഷപ്പെടും.
ധ്യാനനിമഗ്‌നനായിരിക്കുമ്പോള്‍ അവ നമ്മിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ധ്യാനാവസ്ഥയില്‍ നമ്മളിലുണ്ടാകുന്ന പ്രകമ്പനങ്ങളുടെയും പ്രതിധ്വനികളുടെയും ഫലമായി നമ്മളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന ഇമ്മാതിരി ജന്തുക്കളെ നാം ആത്മീയജീവികളായി കരുതുന്നു.
അതുപോലെ തന്നെ പവിത്രമായി കരുതുന്ന വിവിധതരം പുഷ്പങ്ങളുണ്ട്. ഒരു പ്രത്യേകതരം പുഷ്പം പരമശിവന് പ്രിയങ്കരമാണെങ്കില്‍ വേറൊരുതരം പൂവ് മഹാവിഷ്ണുവിനിഷ്ടപ്പെട്ടതാണ് എന്നെല്ലാം കേട്ടിട്ടില്ലെ? ഏതൊരു ദേവനോ, ദേവിയ്‌ക്കോ ഏറ്റവും അടുത്ത പ്രകമ്പനങ്ങള്‍ അഥവാ പ്രതിധ്വനികളുള്ള പുഷ്പങ്ങളെ അല്ലെങ്കില്‍ ഒരു വ്യക്തിക്കു യോജിച്ച മൃഗങ്ങളെ, മരങ്ങളെ, മുത്തുകളെ, രത്‌നങ്ങളെ എല്ലാം ഈ ഭാരതീയ സംസ്‌കാരത്തിലെ മുനിവരന്മാരും ഋഷിവരന്മാരും ഒരായിരം ദശവര്‍ഷങ്ങള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയ്ക്ക് നമ്മളില്‍ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ടെന്നാണര്‍ഥം.
അതുകൊണ്ടാണ് ചില പ്രത്യേകതരം പൂക്കള്‍ മാത്രം ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി എടുക്കപ്പെടുന്നത്. അത്തരം പുഷ്പങ്ങളെ തൊടുമ്പോഴും ആരാധനയ്ക്കായി ഉപയോഗിക്കുമ്പോഴും പൂജിച്ച ആ പുഷ്പങ്ങള്‍ നമുക്കാരെങ്കിലും പ്രസാദമായി തരുമ്പോഴുമൊക്കെ നമ്മെ അതൊരു പ്രത്യേക രീതിയില്‍ സ്വാധീനിക്കുന്നു. അതുകൊണ്ട് അത്തരം പൂക്കള്‍ മാത്രമേ നാം ക്ഷേത്രങ്ങളില്‍ ആരാധനയ്ക്കായി ഉപയോഗിക്കാറുള്ളു, അതിനെ ഐശ്വര്യമായി കരുതുകയും ചെയ്യുന്നു.
വിവിധതരം പൂക്കളുടെ മുകളില്‍ ഒരു രുദ്രാക്ഷമാല നീട്ടിപിടിച്ചാല്‍, അതിന്റെ ചലനം നോക്കി ഇത് പ്രായോഗികമായി തെളിയിക്കാന്‍ കഴിയും. രുദ്രാക്ഷം പൂക്കള്‍ക്കുമേല്‍ പ്രദക്ഷിണമായി (clockwise) ചലിക്കുന്നുവെങ്കില്‍ പൂജയ്ക്കുപറ്റിയ പുഷ്പമാണ് എന്നര്‍ഥം. കൈതപ്പൂവിനുമുകളില്‍ രുദ്രാക്ഷം പിടിച്ചാല്‍ ആ പുഷ്പത്തെ രുദ്രാക്ഷം ഇഷ്ടപ്പെടുന്നില്ല എന്നും അത് ഭഗവാന് പ്രിയങ്കരമല്ല എന്നും മലസ്സിലാക്കാം. രുദ്രാക്ഷം പ്രദക്ഷിണം വയ്ക്കുന്ന എതിര്‍ദിശയില്‍ കൂടി (anti clockwise) തിരിയാന്‍ തുടങ്ങും കൈതപ്പൂവ് ശിവനു മുമ്പില്‍ കള്ളസ്സാക്ഷി പറഞ്ഞ കഥ കേട്ടിരിക്കുമല്ലോ? അതാണ് കൈതപ്പൂവ് ശിവന് സമര്‍പ്പിക്കുന്നത് നിഷിദ്ധമാണെന്ന കഥയ്ക്കാധാരം. ജനങ്ങളുടെ ഉള്ളില്‍ ഇമ്മാതിരിയുള്ള കാര്യങ്ങള്‍ ശരിയായി ഉറഞ്ഞുപിടിക്കുതിനു വേണ്ടിയാണ് ഇത്തരം കഥകള്‍ ചമച്ചിരിക്കുന്നത്. അതിന്റെ സാരാംശം എന്താണെന്നാല്‍ ഒരു പുഷ്പത്തിന്റെ പ്രതിധ്വനി, ദേവതയുടെ വിഗ്രഹത്തിന്റേതുമായി തുല്ല്യത പ്രാപിക്കാനുതകുന്നതായിരിക്കണം എന്നതാണ്. എങ്കില്‍മാത്രമേ അതിനു വിഗ്രഹവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളു.
അതുപോലെ തന്നെയാണ് എല്ലാ വസ്തുക്കളേയും അവയുടെ പ്രകമ്പനം കൊണ്ട് തിരിച്ചറിഞ്ഞിരുന്നത്. അതിവിശിഷ്ടമായ പ്രതിധ്വനിയുള്ള വസ്തുക്കളില്‍ ഒന്നാണ് രുദ്രാക്ഷം. ഒരു രുദ്രാക്ഷം കയ്യില്‍ പിടിച്ചുകൊണ്ടിരുന്നാല്‍ തന്നെ അത് നമുക്ക് അനുഭവവേദ്യമാകും. മൂന്നുമുതല്‍ ആറുമാസംവരെ രുദ്രാക്ഷം ധരിക്കുകയാണെങ്കില്‍, 24 മണിക്കൂറും ധരിച്ചിരുന്നുവെങ്കില്‍, അത് അയാളുടെ ശരീരവുമായി അതിനോടകം ഏതാണ്ട് ഇഴുകിച്ചേര്‍ന്നിരിക്കും എന്നു പറയാം. അതുകൊണ്ട് ഒരോരുത്തര്‍ക്കും യോജിച്ച രുദ്രാക്ഷം മറ്റൊരാളുടേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. അക്കാരണംകൊണ്ടു തന്നെ നിങ്ങളുടെ രുദ്രാക്ഷം മറ്റൊരാള്‍ക്കു കൊടുക്കുകയോ, അവരുടേത് നിങ്ങള്‍ ധരിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ക്ക് ഗുണകരമായ പ്രകമ്പനം നിങ്ങള്‍ ധരിക്കുന്ന രുദ്രാക്ഷം ഉള്‍ക്കൊണ്ടിരിക്കും. തമിഴ്നാട്ടില്‍ ആരും തന്നെ എള്ള്, എണ്ണ, ഉപ്പ്, ചെറുനാരങ്ങ എന്നിവ മറ്റൊരാളുടെ കയ്യില്‍ നിന്നും സ്വീകരിക്കില്ല, എന്തുകൊണ്ടെന്നാല്‍, ചില പദാര്‍ഥങ്ങള്‍ക്ക് മറ്റേതൊരു വസ്തുവായിട്ടും സമ്പര്‍ക്കമുണ്ടായാല്‍, ആ വസ്തുവിന്റെ ഗുണമായാലും ദോഷമായാലും, പെട്ടെന്നതിന് അതുള്‍ക്കൊള്ളാനുള്ള കഴിവുണ്ട് എന്നതാണ്. ചെറുനാരങ്ങയ്ക്കാകട്ടെ, ഒരു സ്പോഞ്ച് ജലത്തെ വലിച്ചെടുക്കുന്നതുപോലെ ഗുണാത്മക ഊര്‍ജത്തെയൊ, ഋണാത്മക ഊര്‍ജത്തെയൊ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് ചെറുനാരങ്ങ ക്ഷേത്രത്തിലായാലും ദുര്‍മന്ത്രവാദത്തിനായാലും ഉപയോഗിക്കപ്പെടുന്നത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ രുദ്രാക്ഷത്തിനും മേല്‍പ്പറഞ്ഞ കഴിവുകള്‍ ഉണ്ട്. ഒന്നു രണ്ടു വര്‍ഷക്കാലം ഇരുപത്തിനാല് മണിക്കൂറും രുദ്രാക്ഷം ധരിക്കുന്ന ഒരാളുടെ ശരീരത്തിന്റെ ഭാഗമായി അത് മാറും.
പിന്നെ ഒരു ദിവസം അയാളത് ഊരിമാറ്റിയാല്‍ ഉറങ്ങുവാന്‍ സാധിക്കുകയില്ല, ശരീരത്തിലെ ഏതോ ഒരവയവം നഷ്ടപ്പെട്ടത് പോലെ തോന്നും, എന്തെന്നാല്‍ അത് നിങ്ങളുടെ ശരിരത്തിന്റെ ഒരു ഭാഗമായി, അഥവാ ഏറ്റവും ആവശ്യമായ ഒരവയവമായിത്തീരുകയും, അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ അവയവത്തിന്റെ ഉപയോഗം, ഈശ്വരാനുഗ്രഹത്തിന്, അഥവാ ഭഗവത് പ്രസാദത്തിന് നിങ്ങളെ പാത്രീഭൂതനാക്കുന്നു എന്നുള്ളതാണ്. നിങ്ങള്‍ യോഗാഭ്യാസമോ, അല്ലെങ്കില്‍ മറ്റെന്തുതന്നെയോ ചെയ്താലും ഭഗവദ്പ്രസാദത്തിന് പാത്രീഭൂതനായെങ്കിലേ ആത്മീയ ഉന്നതിക്ക് സാധ്യതയുള്ള ആളായി തീരുകയുള്ളൂ. ഭക്തന്മാര്‍ അവരുടെ സര്‍വവും ഈശ്വരന് സമര്‍പണം ചെയ്യുന്നതു കൊണ്ടാണ് അവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഉന്നതി നേടുന്നത്. അപ്രകാരമുള്ള സമര്‍പണ ബോധമില്ലെങ്കില്‍ യോഗാഭ്യാസം പോലും വെറുമൊരു സര്‍ക്കസു മാത്രമായിത്തീരും.
രുദ്രാക്ഷത്തിന്റെ മറ്റൊരുഗുണം, അത് ആരോഗ്യം പ്രദാനം ചെയ്യുന്നു എന്നതാണ്. ദീര്‍ഘകാലം ജീവിക്കണം എന്നുമാത്രം ആഗ്രഹിക്കുന്നവര്‍ക്ക് രുദ്രാക്ഷം ഒരു പ്രധാനപ്പെട്ട വസ്തുതന്നെയാണ്. എങ്ങനെ ജീവിയ്ക്കുന്നു എന്നതിനെ കുറിച്ച് അവര്‍ക്കൊരു താല്‍പര്യവുമില്ല, ദീര്‍ഘകാലം കഴുതയെപ്പോലെ ജീവിക്കണമെന്നുമാത്രം. എന്തിനുവേണ്ടി? അവരുടെ സന്തോഷത്തിന്റെ സൂചിക ഒന്നുപരിശോധിച്ചാല്‍ മനസ്സിലാകും, രാവിലെ മുതല്‍ വൈകിട്ടുവരെയുള്ള സമയത്തില്‍ അതില്‍ യാതൊരു ഉന്നതിയും കാണിക്കുന്നില്ല എന്ന്. മരണഭയം മൂലമാണവര്‍ ദീര്‍ഘകാലം ജീവിക്കാനാഗ്രഹിക്കുന്നത്. എത്തിപ്പിടിച്ചുനില്‍ക്കാന്‍ യോഗ്യതയുള്ള ഒന്നുംതന്നെ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. അടുത്തനിമിഷം ഇനി എന്ത് എന്നറിഞ്ഞു കൂടാത്തതുകൊണ്ട് എങ്ങനെയോ കഴിഞ്ഞുപോകുന്നു എന്നുമാത്രം.
ആത്മീയ തലത്തിലായാലും, ആരോഗ്യപരമായ തലത്തിലായാലും, പണം സമ്പാദിക്കുന്ന തലത്തിലായാലും എന്തുംതന്നെ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് ദൈവകൃപയില്ലെങ്കില്‍ ജീവിതത്തിന്റെ യാതൊരു തുറയിലും വിജയം കൈവരിക്കാനാവില്ല. സ്വബോധത്തോടെയായാലും, അല്ലാതെയായാലും, അതുമല്ല സ്വന്തം പന്ഥാവില്‍ക്കൂടിയായാലും (വഴിയില്‍) ശരി, ദൈവകൃപയുള്ള ഒരു വ്യക്തിയായിത്തീരേണ്ടത് അനിവാര്യമാണ്. കുറച്ചെങ്കിലും ദൈവകൃപയില്ലാതെ, ഒരു ജീവിക്കും, പ്രത്യേകിച്ചു മനുഷ്യന്, ജീവിച്ചിരിക്കുവാന്‍തന്നെ സാദ്ധ്യമല്ല. പക്ഷെ സ്വമേധയാ, സ്വബോധത്തോടെ ഈശ്വരാനുഗ്രഹം നേടുക എന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നുവെങ്കില്‍ യാതൊരു ക്ലേശവും കൂടാതെ, അനായാസേന വിജയം കൈവരിക്കുവാന്‍ സാധിക്കും. അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷത്തെ ഉത്തേജിപ്പിക്കുവാന്‍ പര്യാപ്തമാണ് രുദ്രാക്ഷം. എല്ലാ വിധത്തിലുമുള്ള പിന്തുണകള്‍ ഉപയോഗപ്പെടുത്താന്‍ നാം സന്നദ്ധരാകണം. ആ ഒരു പിന്തുണയാണ് രുദ്രാക്ഷം.