തിരുവനന്തപുരം: ശബരിമലയില്‍ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം തുടങ്ങി. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം.
യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. നാളെ മണ്ഡല- മകര വിളക്ക് തീര്‍ത്ഥാടനകാലം തുടങ്ങാനിരിക്കെ സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യുവതീപ്രവേശനവിധി നടപ്പാക്കാന്‍ സാവകാശം തേടി ഹര്‍ജി നല്‍കണമെന്ന് യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടും. സാവകാശഹര്‍ജി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്താല്‍ യോഗം ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനിക്കുന്നത് .
യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വീണ്ടും വിസമ്മതിച്ചതോടെ സര്‍ക്കാറിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു.