മാസങ്ങളുടെ ഇടവേളയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങുന്നവരാണ് പുതുതലമുറ. പുതിയ മോഡലുകളുമായി കമ്പനികളും മൽസരരംഗത്ത് സജീവമായി നിൽക്കുന്നു. പുതിയ ഫോൺ വാങ്ങാനെത്തുമ്പോൾ അൽപ്പം കൺഫ്യൂഷനുണ്ടാകാനുള്ള സാധ്യതയുണ്ട്. സ്മാർട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ.
ബജറ്റ്
പോക്കറ്ററിഞ്ഞു ഫോൺ വാങ്ങുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന പല മോഡലുകളും ഇന്നു വിപണിയിലുണ്ട്. അതുകൊണ്ടു തന്നെ ഫോണിന്റെ വിലയനുസരിച്ചു ബജറ്റ് ഉയർത്തേണ്ട ആവശ്യവുമില്ല. 5000 രൂപ മുതൽ 50000 രൂപയിലേറെ വരെ നിരക്കിൽ സ്മാർട് ഫോണുകൾ വിപണിയിൽ ലഭിക്കും.
സ്ക്രീൻ സൈസ്
മുൻപു ഫോൺ ചെയ്യൽ മാത്രമായിരുന്നു ഉപയോഗമെങ്കിൽ ഇന്നു പല ജോലികളും മൊബൈൽ ഫോണുകളിലാണു നടക്കുന്നത്. ചിലർ സിനിമ കാണുന്നതു ഫോണിലാകാം, ചിലർക്കു ഗെയിം കളിക്കാനുള്ള വഴികൂടിയാണിത്. മറ്റു ചിലരാകട്ടെ ഓഫിസ് കാര്യങ്ങളെല്ലാം നിർവഹിക്കുന്നത് ഫോണിലാണ്. നിങ്ങളുടെ ആവശ്യമനുസരിച്ചാകണം ഫോണിന്റെ സൈസ് നിശ്ചയിക്കേണ്ടത്. വലിയ സ്ക്രീൻ സൈസുള്ള ഫോണുകൾ വിഡിയോ കാഴ്ചയ്ക്കും ഗെയിമിനുമെല്ലാം മികച്ചതാകും. എൽഇഡി ഡിസ്പ്ലേയുള്ള ഫോണുകൾ വിപണിയിലുണ്ട്. കനം കുറഞ്ഞതും അധികം ചാർജ് ആവശ്യമില്ലാത്തതുമായ സ്ക്രീൻ മൊബൈൽ ഫോണുകളും ലഭിക്കും.
ബാറ്ററി ആയുസ്
സ്മാർട്ഫോണുകളുടെ പ്രധാന വെല്ലുവിളികളിലൊന്നു ബാറ്ററി തന്നെയാണ്. ഇന്റർനെറ്റും, വിഡിയോയും ആപ്ലിക്കേഷനുകളുമെല്ലാം ചേരുമ്പോൾ ബാറ്ററി പെട്ടെന്നു ചോരാൻ സാധ്യതയേറെ. കൂടിയ എംഎഎച്ച് (മില്ലി ആംപിയർ അവർ) ഉള്ള ഫോൺ തിരഞ്ഞെടുക്കുകയാണ് പ്രതിവിധി. 3500, 4000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട് ഫോണുകൾ ഇപ്പോൾ വിപണിയിലുണ്ട്. ഇന്റർനെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ മികച്ച ബാറ്ററി അത്യാവശ്യമാണ്.
ക്യാമറ
സ്മാർട്ഫോണുകളെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നതിന്റെ ഘടകങ്ങളിലൊന്നു ക്യാമറയാണ്. സെൽഫികൾ തരംഗമായതോടെ മികച്ച ക്യാമറയുള്ള ഫോണുകളായി താരങ്ങൾ. എട്ട് എംപി ക്യാമറ ഇന്നു മിക്ക സ്മാർട്ഫോണുകളും ഉറപ്പു നൽകുന്നു. ക്യാമറയുടെ പിക്സൽ വലുപ്പം ശ്രദ്ധിക്കണം. കൂടിയ പിക്സൽ ഉള്ള ഫോണുകൾ സ്വന്തമാക്കാം. ഒപ്പം അപ്പർച്ചറും ശ്രദ്ധിക്കണം. കുറഞ്ഞ അപ്പർച്ചറുള്ള ഫോണാണു നല്ലത്.
∙ പ്രോസസർ
ഫോണിന്റെ പ്രവർത്തനങ്ങളുടെ വേഗം കൂട്ടാൻ മികച്ച പ്രോസസറുകൾ സഹായിക്കും. 1.5-2 ജിബി റാം ആണു സാധാരണ കണ്ടുവന്നിരുന്നത്. എന്നാൽ ഇന്നു 3 ജിബി റാം, 4 ജിബി റാം എന്നിവ ഉറപ്പാക്കുന്ന ഫോണുകളുമുണ്ട്.
മെമ്മറി
പല ഫോണുകളിലും മെമ്മറി വളരെ കുറവായിരിക്കും. ചിത്രങ്ങളും മറ്റും ശേഖരിച്ചു കഴിഞ്ഞാൽ ഫോണിന്റെ മെമ്മറി തീരാൻ സാധ്യതയേറെ. മെമ്മറി കാർഡുകൾ ഇടാൻ സാധിക്കുന്ന ഫോണുകളാണ് മിക്ക കമ്പനികളും അവതരിപ്പിക്കുന്നത്. ക്ലൗഡ് ഉപയോഗിക്കുന്നവരല്ലെങ്കിൽ ഇത്തരം ഫോണുകൾ വാങ്ങുന്നതാകും ഉചിതം.
ഓപ്പറേറ്റിങ് സിസ്റ്റം
ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകളാണ് ഭൂരിഭാഗവും. ആപ്പിളിന്റെ ഐഒഎസ്, മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിങ് സംവിധാനങ്ങളും ഫോണുകളിലുണ്ട്. ആപ്ലിക്കേഷനുകൾ കൂടുതലുള്ളത് ആൻഡ്രോയ്‌ഡിലാണ്. സാധാരണക്കാർക്കു കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും ആൻഡ്രോയ്ഡ് ഫോണുകളാണെന്നു വിലയിരുത്തുന്നു.
ഇക്കാര്യങ്ങളും മനസിൽ വയ്ക്കാം
കഴിയുമെങ്കിൽ ബ്രാൻഡഡ് കമ്പനികളുടെ ഫോണുകൾ തന്നെ വാങ്ങുക. ഓരോ ഫോണിനെയും തിരിച്ചറിയാൻ കഴിയുന്ന കൃത്യമായ ഐഎംഇഐ നമ്പർ ഉണ്ടോയെന്നു പരിശോധിക്കുക. ഈ നമ്പർ തന്നെയാണോ ഫോൺ ബോക്‌സിലും ബില്ലിലും രേഖപ്പെടുത്തിയതെന്നു ശ്രദ്ധിക്കുക. ഇയർഫോൺ, ബാറ്ററി, ചാർജർ തുടങ്ങിയ ഫോണിന്റെ ആക്‌സസറികളും പരിശോധിക്കുക. ഫോണിന്റെ ബാറ്ററിയുടെയും ചാർജറിന്റെയും വോൾട്ടേജ് മൂല്യം ഒന്നുതന്നെയെന്ന് ഉറപ്പാക്കുക. അമിതമായി ചാർജ് കയറുന്നതു ചിലപ്പോൾ പൊട്ടിത്തെറിക്കു കാരണമാകും.
മൊബൈൽ ഫോൺ പൊട്ടുന്നത്
മൊബൈൽ ഫോൺ ചാർജ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കുന്നതാണു പൊട്ടിത്തെറിക്കുന്നതിനു പ്രധാന കാരണം. ചാർജ് ചെയ്യുമ്പോൾ ഫോണിന്റെ മദർബോർഡിൽ സമ്മർദമുണ്ടാകും. ആ സമയത്തു ഫോൺ ഉപയോഗിക്കുന്നത് ഈ സമ്മർദം വർധിപ്പിക്കും. ചില മൊബൈൽ ഫോണുകളിലെ നിലവാരം കുറഞ്ഞ ഇലക്‌ട്രോണിക് വസ്‌തുക്കൾ പൊട്ടിത്തെറിക്കാൻ ഇത് ഇടയാക്കും. ചില ആൻഡ്രോയ്‌ഡ് സ്‌മാർട്‌ഫോണുകളിൽ മദർബോർഡിൽ സമ്മർദമുണ്ടാക്കുന്ന മാൽവെയറുകളും ബഗ്ഗുകളും കയറിക്കൂടി അവയെ പൊട്ടിത്തെറിപ്പിക്കാറുണ്ടെന്നു സാങ്കേതിക വിദഗ്‌ധർ പറയുന്നു. വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഫോണുകൾ കഴിവതും ഒഴിവാക്കുക. അവയിൽ ഉപയോഗിക്കുന്ന ഹാർഡ്‌വെയറിനും മറ്റു വസ്‌തുക്കൾക്കും ഗുണനിലവാരം തീരെ കുറവായിരിക്കും.
manorama