തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. കേന്ദ്രനയങ്ങളെ വിമര്‍ശിച്ചും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുമായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് പറഞ്ഞ ഗവര്‍ണര്‍, ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ക്രമസമാധാനനിലയെക്കുറിച്ച് ഇവര്‍ ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചാരണം നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു. സാമൂഹികവികസനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമമുണ്ടായി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. വികസന കാഴ്ചപ്പാടുകളുമായി സംസ്ഥാനം മുന്നോട്ട് പോകുമ്ബോള്‍ പരിസ്ഥിതിയെക്കൂടി പരിഗണിക്കമെന്നും ഓഖി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ് ഇതാണെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. മാനവ വിഭവശേഷിയിലും അഴിമതിരഹിത പ്രവര്‍ത്തനങ്ങളിലും സംസ്ഥാനം മുന്‍പന്തിയിലാണ്. അഴിമതിരഹിത സംസ്ഥാനമെന്നും വിലയിരുത്തലുണ്ട്. നൂറ് ശതമാനം വൈദ്യുതീകരണവും വെളിയിട വിസര്‍ജ്യ വിമുക്തവുമായ സംസ്ഥാനമാണ് കേരളമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് നാല് പദ്ധതികള്‍ പുരോഗമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.