തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 11 പേരെ ഓപ്പറേഷന് പി ഹണ്ട് -3 യുടെ ഭാഗമായി അറസ്റ്റ് ചെയ്തു. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്റര്‍പോളും കേരള പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
അറസ്റ്റിലായവരില്‍ നിന്ന് ലാപ്ടോപ്പും മൊബൈലുകളും ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായാണ് സൈബര്‍ഡോം ഓപ്പറേഷന് പി ഹണ്ട് ആരംഭിച്ചത്. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര് പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന് പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്.