റവന്യൂ ജീവനക്കാരുടെ കോറോണ നാളിലെ സേവനത്തിന്റെ 110 ദിനങ്ങള്‍

67

കാസര്‍കോട് : ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് യാത്രപാസ് അനുവദിക്കുക, തലപ്പാടി അതിര്‍ത്തിയിലെ ഹെല്‍പ്പ് ഡെസ്‌കിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, കളക്ടറേറ്റിലെ കോവിഡ് കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക,വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സംഘടിപ്പിക്കുന്ന യോഗങ്ങള്‍ ഏകോപിക്കുക. ഇങ്ങനെ എണ്ണിയാലെടുങ്ങാത്ത പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ജില്ലയിലെ റവന്യൂ വിഭാഗം ജീവനക്കാര്‍. കളക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ വിഭാഗമാണ് റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നത്.

രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവര്‍ കാണിച്ച നിതാന്ത ജാഗ്രതയുടെയും ആരോഗ്യ പ്രവര്‍ത്തകരോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെയും ഫലമായി കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ജില്ലയില്‍ സമൂഹ വ്യാപനം തടയാന്‍ സാധിച്ചു. കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് ജില്ല കടന്നപ്പോഴും, ഊര്‍ജ്ജസ്വലരായി ഇവര്‍ രംഗത്ത് തുടരുകയാണ്.

ഫെബ്രുവരി മൂന്നിന് തുടങ്ങിയ ദൗത്യം 110 ാം ദിനത്തില്‍

കേട്ടുകേള്‍വി പോലുമില്ലാത്ത കോറോണ വൈറസ് രോഗം ജില്ലയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി മൂന്നിനായിരുന്നു.വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെ, ജില്ലാഭരണ കൂടത്തിന് കീഴില്‍ വിവിധ വകുപ്പുകളെ അണിനിരത്തികൊണ്ട് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 15 ഉപസമിതികള്‍ രൂപീകരിച്ചും ബോധ വത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയും ജില്ലയിലെ ആദ്യഘട്ടത്തിലെ കോറോണ വൈറസ് വ്യാപനത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബലമേകി.ജില്ലയിലെ ആദ്യ കോറോണ രോഗി ഫെബ്രുവരി 16 ന് രോഗമുക്തമായെങ്കിലും രണ്ടാംഘട്ടത്തിലെ കോറോണ വൈറസ് വ്യാപനത്തിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തിലുള്ള യോഗങ്ങളുടെ സംഘാടനവുമായി ഇവര്‍ മുന്നിട്ട് നിന്നു.റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 14 ന് കളക്ടറേറ്റില്‍ യോഗം ചേര്‍ന്ന് പ്രതിരോധ നടപടികളുടെ രൂപരേഖ തയ്യാറാക്കിയത് മുന്നോട്ടുള്ള പ്രയാണത്തില്‍ തുണയായി.

മാര്‍ച്ച് 16 ന് കളക്ടറേറ്റില്‍ കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു.ഇതിന്റെ സംഘാടന ചുമതലയും റവന്യൂവകുപ്പിന് തന്നെയായിരുന്നു.പൊതുജനങ്ങളുടെ സംശയനിവാരണം,അവശ്യ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കണ്‍ട്രോള്‍ റൂം നിര്‍വഹിച്ചത്. 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാക്കിയെന്നതും ശ്രദ്ധേയമാണ്.

മാര്‍ച്ച് 22 രാത്രി ഒന്‍പതിന് ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നത് മുതല്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച അസംഖ്യം യോഗങ്ങളുടെ സംഘാടനം,വിവിധ തലത്തിലേക്കുള്ള ഉദ്യോഗസ്ഥരുടെ വിന്ന്യാസം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അമരത്തും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു.രാത്രി ഏറെ വൈകുന്നതു വരെയും ഇവര്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

ഈ നാളുകളില്‍ ഇവരില്‍ പലര്‍ക്കും ഓഫീസ് തന്നെയായിരുന്നു വീട്. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഈ ഘട്ടത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എഡിഎം എന്‍ ദേവീദാസ്,സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍ കാസര്‍കോട് ആര്‍ഡിഒ ടി ആര്‍ അഹമ്മദ് കബീര്‍, താലൂക്ക് തഹസില്‍ദാര്‍മാരായ എന്‍ മണിരാജ്,പി ജെ ആന്റോ,എ.വി രാജന്‍,പി കുഞ്ഞിക്കണ്ണന്‍ എന്നിവരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയമിച്ചു.

വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എണ്ണിയിട്ട യന്ത്രം പോലെ റവന്യൂ ഉദ്യോഗസ്ഥര്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂടെ പ്രയത്‌നിച്ചതിന്റെ ഫലമായി കോവിഡിന്റെ് രണ്ടാംഘട്ടത്തിലെ അവസാന രോഗിയെയും മെയ് 10 ന് രോഗവിമുക്തമാക്കുന്നതിന് സാധിച്ചു.

മെയ് നാലിന് ഇതര സംസ്ഥാനത്ത് നിന്ന് ജില്ലയില്‍ എത്തുന്നവരെ സ്വീകരിക്കുന്നതിന് തലപ്പാടിയില്‍ ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചു. കാസര്‍കോട് ആര്‍ഡിഒ ടി ആര്‍ അഹമ്മദ് കബീറിന്റെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്റെയും നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ക്ക് പാസ് അനുവദിക്കുന്നതിന് എഡിഎം എന്‍ ദേവീദാസിന്റെയും സബ്കളക്ടര്‍ അരുണ്‍ കെ വിജയന്റെയും നേത്വത്തിലുള്ള സംഘം സജീവമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇതുവരെയായി 80 ശതമാനത്തിലധികം പേര്‍ക്ക് പാസ് അനുവദിക്കാന്‍ സാധിച്ചു.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റെയിന്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് നോഡല്‍ ഓഫീസറായ സബ്കളക്ടര്‍ അരുണ്‍ കെ വിജയനും ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവരെ ക്വാറന്റെയിന്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം നോഡല്‍ ഓഫീസര്‍ കാസര്‍കോട് ആര്‍ ഡി ഒ അഹമ്മദ് കബീറുമാണ് നിര്‍വഹിക്കുന്നത്. കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കളക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന് എഡിഎമ്മാണ് നേതൃത്വം നല്‍കുന്നത്.

സര്‍ക്കാര്‍ ക്വാറന്റെയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന ചുമതലയും റവന്യൂ വകുപ്പാണ് നിര്‍വഹിക്കുന്നത്. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ രവികുമാര്‍, പി ആര്‍ രാധിക,സജി എഫ് മെന്റിസ്,മുഹമ്മദ് സാബിര്‍,ഷംഷുദ്ദീന്‍ എന്നിവരും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ തന്നെയുണ്ട്. ജില്ലാകളക്ടര്‍ മുതല്‍ താലൂക്ക് -വിലേജ് തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെ ഫലമായാണ് കാസര്‍കോട് ജില്ലയില്‍ കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമായ രീതിയില്‍ നടത്താന്‍ കഴിഞ്ഞത്.

ജില്ല കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോഴും പഴുതടച്ച പ്രതിരോധ നടപടികളുടെ മുന്‍നിരയില്‍ തന്നെയുണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍.ജില്ലയില്‍ ആദ്യ കോറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മൂന്നിന് ആരംഭിച്ച ഇവരുടെ പ്രതിരോധ ദൗത്യം മെയ് 22 ന് 110 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ആദ്യനാളുകളില്‍ കാണിച്ച അതെ വീര്യത്തോടെ ഇവര്‍ ഓരോരുത്തരും ഇന്നും പ്രവര്‍ത്തന മേഖലയില്‍ കര്‍മ്മ നിരതരാണ്.

NO COMMENTS