124-ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ കോഴഞ്ചേരി പമ്പാ മണപ്പുറത്ത് ഇന്ന് തുടങ്ങും

191

കോഴഞ്ചേരി : 124-ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ കോഴഞ്ചേരി പമ്പാ മണപ്പുറത്ത് ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് 2.30 ന് മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് തയ്യാറാക്കിയ ഓല പന്തലില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള നിരവധി ആത്മീയ ആചാര്യന്മാര്‍ പ്രഭാഷണം നടത്തും.

ഇംഗ്ലണ്ടില്‍ നിന്നുള്ള ആര്‍ച്ച്‌ ബിഷപ്പ് ജോണ്‍ ടാക്കര്‍, മുഗാബെ സെന്‍റാമു, മലേഷ്യയില്‍ നിന്നുള്ള ഡോക്ടര്‍ ഡാനിയല്‍ ഹോ തുടങ്ങിയവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രഭാഷകര്‍. സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വൈകുന്നേരം 6.30 വരെയാണ് ഇത്തവണ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ രാത്രി എട്ടുമണി വരെയാണ് യോഗങ്ങള്‍ നടന്നിരുന്നത്.

കണ്‍വെന്‍ഷനോട് അനുബന്ധിച്ച്‌ മാര്‍ത്തോമ സുവിശേഷ സേവിക സംഘത്തിന്‍റെ ശതാബ്ദി സമാപനവും നടന്നു. ആയിരക്കണക്കിന് വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ലോക സഭാ കൗണ്‍സില്‍ മോഡറേറ്റ് ഡോ ആഗ്നസ് റെജിന മ്യൂറല്‍ ഓബം ചടങ്ങില്‍ സംസാരിച്ചു.

NO COMMENTS