ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്ത്യയിലേക്കില്ലെന്ന് ഗീതാജ്ഞലി ഗ്രൂപ്പ് ഉടമ മെഹുല്‍ ചോക്സി. ഇത് ചൂണ്ടിക്കാട്ടി ചോക്സി സിബിഐക്കു കത്തയച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ(പിഎന്‍ബി) പറ്റിച്ച് 12,000 കോടി(ഒൗദ്യോഗിക കണക്ക്) രൂപ തട്ടിയെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും കേസെടുക്കുന്നതിനു മുന്‍പേ രാജ്യം വിട്ടിരുന്നു. ഇവരെ പിടികൂടാന്‍ സിബിഐ ഇന്റര്‍ പോളിന്റെ സഹായം തേടിയിട്ടുണ്ട്. മോദിയുടെയും ചോക്സിയുടെയും പാസ്പോര്ട്ടുകള് മരവിപ്പിക്കുകയും ചെയ്തു. പാസ്പോര്‍ട്ട് റദ്ദ് ചെയ്തതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും ഇന്ത്യയിലേക്കെത്താനാവില്ലെന്നാണ് ചോക്സി കത്തില്‍ പറഞ്ഞിരിക്കുന്നത്.റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് പാസ്പോര്‍ട്ട് നിയമം 103 (സി) അനുസരിച്ച് തന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നു. അതിന്റെ കാര്യകാരണങ്ങള്‍ പോലും തന്നെ അറിയിച്ചിട്ടില്ല. പിന്നെങ്ങനെയാണ് തനിക്ക് ഇന്ത്യയിലേക്ക് വരാനാവുക എന്നാണ് ചോക്സിയുടെ ചോദ്യം.