ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മെയ് 12ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ മെയ് 15ന് ആയിരിക്കും.പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 24ന്. 27 വരെ പത്രിക പിന്‍വലിക്കാം.തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓംപ്രകാശ് റാവത്ത് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. കര്‍ണാടകത്തില്‍ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവാക്കാവുന്നത് 28 ലക്ഷം രൂപയാണ് പ്രചാരണ കാലത്ത് ഹരിത ചട്ടം നടപ്പാക്കുമെന്നും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പുകളില്‍ എല്ലാ ബൂത്തുകളിലും വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കും. ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും.ഇംഗ്ലീഷിലും കന്നഡയിലും ഇലക്ഷന്‍ കാര്‍ഡ് നല്‍കും. കര്‍ണാടകത്തില്‍ 4.96 കോടി വോട്ടര്‍മാരാണുള്ളത്.