ന്യൂഡല്‍ഹി: മാലദ്വീപില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഇന്ത്യ ഇടപെടണമെന്നുള്ള മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചു. മാലദ്വീപില്‍ കൊണ്ടുവന്നിരിക്കുന്ന അടിയന്തരാവസ്ഥയില്‍ ഞങ്ങള്‍ ആശങ്കാകുലരാണെന്നും, തങ്ങള്‍ വളരെ അസ്വസ്ഥരാണെന്നും വിദേശകാര്യ മന്ത്രാലയം ഒദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്നും വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്കു നീക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെയാണു മാലദ്വീപില്‍ പ്രതിസന്ധി രൂക്ഷമായത്. കോടതി ഉത്തരവ് തള്ളിക്കളഞ്ഞ് ഭരണകൂടം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ സൈനിക പിന്തുണയോടെ അയയ്ക്കണമെന്നാണ് നഷീദ് ട്വിറ്ററിലൂടെ അവശ്യപ്പെട്ടത്. ഇടപെടലിനായി ഇന്ത്യന്‍ പ്രതിനിധി നേരിട്ടെത്തണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ചയാണ് 15 ദിവസത്തേക്ക് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.