ഹൈദരാബാദ്: മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചെന്ന ആരോപണവുമായി കൊച്ചി പീസ് സ്കൂള്‍ മാനേജിംഗ് ഡയറക്ടറെ അറസ്റ്റ് ചെയ്തു. പ്രമുഖ ഇസ്‍ലാമിക പണ്ഡിതന്‍ എം.എം അക്ബറിനെയാണ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടയിലായിണ് പൊലീസ് നടപടി. ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എം എം അക്ബറിനെ പൊലീസ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലെടുത്ത അക്ബറിനെ കേരളാ പൊലീസിനു കൈമാറും. പീസ് സ്കൂള്‍ പാഠുപുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അക്ബറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പാഠപുസ്തകങ്ങളില്‍ തീവ്ര മതചിന്തയും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന ഉളളടക്കങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റനാഷണല്‍ പീസ് സ്കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.