മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ അക്രമം ; ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

309

പാലക്കാട് : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് മണ്ണാര്‍ക്കാട് നടത്തിയ ഹര്‍ത്താലിനിടെ കസ്റ്റഡിയിലെടുത്ത ലീഗ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ നിന്നും ലീഗ് നേതാവ് ബലമായി മോചിപ്പിച്ച സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ലീഗ് അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് നടപടി. കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സി.സുരേന്ദ്രന്‍, എഎസ്‌ഐ പി.രാംദാസ്, സീനിയര്‍ സിപിഒ അബ്ദുള്‍ നാസര്‍, സിപിഒ മാരായ കെ.ഉല്ലാസ്, എം.ഹര്‍ഷാദ്, കെ.സനല്‍ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി പ്രദീഷ്കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.

യുഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയ മൂന്ന് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ലീഗ് നേതാവ് റിയാസ് നാലകത്ത് ബലമായി സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഇത്ര ദിവസമായിട്ടും പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം കാണിച്ച്‌ ലീഗ് നേതാവിനെ കസ്റ്റഡിയില്‍ എടുക്കാത്തതിലാണ് നടപടി. ലീഗ് പ്രാദേശിക നേതാവിനെ ഹര്‍ത്താല്‍ അനുകൂലികളുടെ സമ്മര്‍ദത്തെ തുടര്‍ന്നു നടപടി പൂര്‍ത്തിയാക്കാതെ വിട്ടയച്ചെന്നാണ് ആരോപണം. സ്റ്റേഷനില്‍ ലീഗ് നേതാവും സംഘവും ബഹളം വയ്ക്കുന്ന രംഗം ചിത്രീകരിച്ച്‌ സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കാനും പൊലീസ് നടപടി കാരണമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍

NO COMMENTS