ഭൂമി വിവാദം ; കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

278

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും നടത്താനാണ് നിര്‍ദേശം. ആലഞ്ചേരിക്ക് പുറമെ ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്ബാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭൂമി ഇടപാടില്‍ ഗൂഢാലോചനയും വിശ്വാസ വഞ്ചനയും നടന്നുവെന്നതിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, ഇടപാട് സംബന്ധിച്ച്‌ മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യമില്ലെന്ന് ആലഞ്ചേരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത് തള്ളിയാണ് കോടതി പോലീസ് അന്വേഷണത്തിന് കൂടി ഉത്തരവിട്ടത്.

ഹര്‍ജി പരിഗണിച്ച കോടതി ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ചു. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമവ്യവസ്ഥകള്‍ അദ്ദേഹത്തിന് ബാധകമാണെന്നും കോടതി പറഞ്ഞു. സഭയുടെ സര്‍വാദിപനാണ് ആല്‍ച്ച്‌ ബിഷപ്പ് എന്ന് കാന്‍ നിയമത്തില്‍ പോലും പറയുന്നില്ല. പരമാധികാരിയാണ് കര്‍ദിനാള്‍ എങ്കില്‍ മറ്റുള്ളവരുമായി കൂടിയാലോചിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മറ്റ് സമിതികളുമായി കൂടിയാലോചിച്ചുവെന്ന് അദ്ദേഹം തന്നെ ബോധിപ്പിച്ചിട്ടുണ്ട്. സഭയുടെ സ്വത്തുക്കള്‍ സഭയുടെതാണ്. രൂപതക്ക് വേണ്ടി അതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാളെന്നും കോടതി നിരീക്ഷിച്ചു.

NO COMMENTS