തിരുവനന്തപുരം : സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുഖം പ്രാപിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിയുന്നവര്‍ ഏറെയാണ്. പൂര്‍ണമായി രോഗം ഭേദമായാല്‍ പോലും അവരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ഒരുക്കമല്ല. ഇത്തരത്തില്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്‌നേഹക്കൂട് എന്ന പേരില്‍ ഒരു പുന:രധിവാസ പദ്ധതി തയ്യാറാക്കുകയാണ്.
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബന്യാന്‍, ടിസ്സ്, ഹാന്‍സ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 12-ാം തീയതി തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി പുന:രധിവാസ ധാരണാപത്രവും ഒപ്പുവയ്ക്കും. കൂടാതെ 4 കോടി രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ആധുനിക ചികിത്സാ നിരീക്ഷണ വാര്‍ഡിന്റെ തറക്കല്ലിടല്‍ ചടങ്ങും നടക്കും.
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിങ്ങനെ 3 മാനസികാരോഗ്യ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ കേന്ദ്രങ്ങളില്‍ 300 ഓളം പേരാണ് ആരും ഏറ്റെടുക്കാനില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഇവരില്‍ 130 പേരെയാണ് ആദ്യഘട്ടത്തില്‍ മലപ്പുറത്ത് സജ്ജമാക്കിയിട്ടുള്ള ദി ബന്യാന്‍ സംഘടനയുടെ സ്‌നേഹ വീട്ടിലേക്ക് എത്തുക. തിരുവന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 45 പേരും, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 25 പേരും, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 60 പേരുമാണുള്ളത്. ഇവര്‍ക്ക് മതിയായ തൊഴിലും നല്‍കുന്നതാണ്.