നിദാഹസ് ട്രോഫിയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയ ലക്ഷ്യം. നേരത്തെ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ബംഗ്ലാദേശ് ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. രോഹിത് ശര്‍മയുടെയും റെയ്നയുടെയും ധവാന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176റണ്‍സ് എടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച രോഹിത് ശര്‍മയും ധവാനും ബംഗ്ലാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. 27 പന്തില്‍ 35 റണ്‍സ് എടുത്ത ധവാന്‍ റൂബല്‍ ഹുസൈന്റെ പന്തില്‍ പുറത്താകുമ്ബോള്‍ ഇന്ത്യന്‍ സ്കോര്‍ 70 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്ന് വന്ന റെയ്ന അടിച്ചു കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയര്‍ന്നു. അവസാന ഓവറില്‍ റെയ്ന പുറത്താവുമ്ബോള്‍ 30 പന്തില്‍ 47 റണ്‍സ് എടുത്തിരുന്നു. അവസാന പന്തില്‍ റണ്‍ ഔട്ട് ആയ രോഹിത് ശര്‍മ്മ 61 പന്തില്‍ 89 റണ്‍സ് എടുത്തു. ബംഗ്ലാദേശ് നിരയില്‍ റൂബല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.