തിരുവനന്തപുരം : സര്‍ക്കാര്‍ കൈയേറ്റക്കാരനില്‍ നിന്ന് ഏറ്റെടുത്ത ഭൂമി അയാള്‍ക്കു തന്നെ തിരിച്ചു കൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടി റവന്യൂ മന്ത്രി സ്റ്റേ ചെയ്തു. ഇത് സംബന്ധിച്ച് വര്‍ക്കല എം.എല്‍.എ. വി.എ.ജോയ് നല്‍കിയ പരാതിയിലാണ് നടപടി. ഭൂമിതിരിച്ചുകൊടുത്തതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചു. കൈയേറ്റക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും സബ് കളക്ടര്‍ക്ക് തീരുമാനമെടുക്കാനുള്ള വിധി നേടുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സബ്കളക്ടര്‍ സ്ഥലം കൈയേറ്റക്കാരന് തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സ്ഥലം എം.എല്‍.എ വി. ജോയി, പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.