ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ വ്യാഴാഴ്ച വിക്ഷേപിച്ച വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ് 6എയില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുന്നില്ല. വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും ഉപഗ്രഹവുമായി ‘ലിങ്ക്’ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. സാറ്റ്‌ലൈറ്റിലെ പവര്‍ സിസ്റ്റംത്തില്‍ തകരാര്‍ സംഭവിച്ചതായാണ് സൂചന. മൂന്നാമത്തെ ലാം എന്‍ജിന്‍ വേര്‍പെടുത്തിയതിനു പിന്നാലെയായിരുന്നു ബന്ധം നഷ്ടപ്പെട്ടത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മാര്‍ച്ച് 29 വൈകിട്ട് 4.56നാണ് ജിഎസ്‌എല്‍വി മാര്‍ക്ക് ടു കുതിച്ചുയര്‍ന്നത്. പിറ്റേന്നു രാവിലെ ആദ്യത്തെ ഭ്രമണം ഉപഗ്രഹം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 10.51ന് ക്രമീകരിച്ചിരുന്ന രണ്ടാം ഭ്രമണം ആരംഭിച്ചു നാലു മിനിറ്റിനകമായിരുന്നു ഉപഗ്രഹവുമായുള്ള സിഗ്‌നല്‍ ബന്ധം നഷ്ടപ്പെട്ടത്. ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6എ. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരുകയായിരുന്നു 6 എ യുടെ ലക്ഷ്യം.