തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാര്‍ കണക്ക് പ്രകാരം കാണാതായ 92 പേര്‍ക്കാണ് ധനസഹായം വിതരണം ചെയ്യുക. ഓഖി ദുരന്തം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സഹായധനം വിതരണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സഹായധനം ഇന്ന് വിതരണം ചെയ്യുന്നത്. 18.40 കോടി രൂപയാണ് മരിച്ചവരുടെ ആശ്രിതര്‍ക്കാക്കായി സര്‍ക്കാര്‍ സ്ഥിരനിക്ഷേപം നടത്തുന്നത്. വൈകുന്നേരം ആറ് മണിക്ക് വെട്ടുകാട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും. 92 പേരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബാക്കി 91 പേരെയും മരിച്ചതായി കണക്കാക്കിയാണ് സഹായം നല്‍കുക. 352 ആശ്രിതര്‍ക്കായി ധനസഹായം സ്ഥിരനിക്ഷേപ അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ രേഖകളാണ് ഇവര്‍ക്ക് കൊടുക്കുന്നത്. ഓഖി ദുരന്തത്തില്‍ മരിച്ച 49 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 22 ലക്ഷം വീതം നേരത്തേ സഹായം നല്‍കിയിരുന്നു.