ഷില്ലോംഗ്: വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. അറുപത് സീറ്റുകള്‍ വീതമാണ് രണ്ട് സംസ്ഥാനങ്ങളിലും ഉള്ളത്. ഇതില്‍ 59 സീറ്റുകളില്‍ വീതമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെയാണ് പോളിങ്. ത്രിപുരയ്ക്കൊപ്പം മാര്‍ച്ച് 3ന് ഫലമറിയാം. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തിനാണ് ട്രൈബല്‍ – കൃസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ത്രിപുരയില്‍ കാണിച്ച ആവേശം മേഘാലയിലും ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പി. തുടര്‍ച്ചയായ മൂന്ന് തവണ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിന് മേഘാലയയില്‍ ഭരണവിരുദ്ധ വികാരവും നേരിടേണ്ടിവന്നേക്കും. മുഖ്യമന്ത്രി മുകുള്‍ സാങ്മ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ്18 സീറ്റില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ. 18 സീറ്റില്‍ മത്സരിക്കുന്ന ബി ജെ പിയാകട്ടെ എന്‍ ഡി പി പിയുമായി സഖ്യത്തിലാണ്. മേഘാലയയില്‍ ബി ജെ പി 47 സീറ്റിലാണ് മത്സരിക്കുന്നത്.