കാസറഗോഡ് : ജില്ലയിലെ 22690 ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റ് അനുവദിക്കുന്നതിനുള്ള 12 ഡി ഫോം വിതരണം ചെയ്തു. 80 വയസിനു മുകളിലുള്ള 12875 പേര്‍ക്കും ഭിന്നശേഷി വിഭാഗത്തിലെ 9720 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ച 95 പേരുമുള്‍പ്പെടെയാണ് 12 ഡി ഫോം ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്തത്.
ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോം നല്‍കുന്നതിനായി 983 ബിഎല്‍ ഒമാരെയായിരുന്നു ജില്ലയില്‍ ചുമതലപ്പെടുത്തിയിരുന്നത്. ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ 25 ടീമുകളെ നിയോഗിച്ചു. രണ്ട് പോളിങ് ഓഫീസര്‍മാര്‍, ഒരു വീഡിയോഗ്രാഫര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് ഓരോ ടീമും.
അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ രണ്ട് വരെ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. പോസ്റ്റല്‍ ബാലറ്റ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന ദിവസം ബന്ധപ്പെട്ട സ്ഥാനാര്‍ഥികളെയും ഏജന്റുമാരെയും അറിയിക്കും. ഇവര്‍ക്ക് ഏഴ് മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെ അകലത്തില്‍ നിന്ന് വോട്ടിങ് നിരീക്ഷിക്കാവുന്നതാണ്.
തപാല്‍ വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍
വോട്ട് ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം പാലിച്ച് വോട്ടര്‍ക്ക് അവരിരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ വോട്ട് ചെയ്യാം. വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ചെറിയ കവറിനകത്ത് ഇട്ട്്, സമ്മതിദായകന്‍ കവര്‍ ഒട്ടിക്കണം. സത്യപ്രസ്താവനയിലെ സമ്മതിദായകന്റെ ഒപ്പ് പോളിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഇത് രണ്ടും ഒരു വലിയ കവറിലാക്കി ഒട്ടിച്ച ശേഷം പോളിങ് ഓഫീസര്‍ക്ക് മടക്കി നല്‍കണം.