തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യ ഘട്ട കോവിഡ് കുത്തിവയ്പ്പിനുള്ള 1,34,000 ഡോസ് വാക്സിന്‍ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്കുള്ള വാക്സിനാണ് ഇന്ന് (13 ജനുവരി) വൈകിട്ട് 6.20ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 64,020 ഡോസ് തിരുവനന്തപുരം ജില്ലയില്‍ വിതരണത്തിനുള്ളതാണ്. ബാക്കിയുള്ളവ മറ്റു ജില്ലകളിലേക്ക് 14 ജനുവരി രാവിലെ അയക്കുന്നമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
മുംബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 12 പെട്ടികളിലായെത്തിയ വാക്സിന്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍നിന്ന് വാക്സിന്‍ അടങ്ങിയ പെട്ടികള്‍ പ്രത്യേക കവചിത വാഹനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിനോടു ചേര്‍ന്ന റീജിയണല്‍ വാക്സിന്‍ സ്റ്റോറേജിലേക്കു മാറ്റി. ഇവിടെനിന്ന് അതതു ജില്ലാ വാക്സിന്‍ സ്റ്റോറുകളിലേക്കും തുടര്‍ന്നു ബന്ധപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും ഇവ മാറ്റും.
തിരുവനന്തപുരം ജില്ലയില്‍ 11 കേന്ദ്രങ്ങളിലാണു 16നു വാക്സിന്‍ വിതരണം നടക്കുന്നതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ശ്രീഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂര്‍ സി.എച്ച്.സി, വര്‍ക്കല താലൂക്ക് ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തിരുവനന്തപുരം കിംസ് ആശുപത്രി, നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ മാതൃകാ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളാണ് ജില്ലയിലെ വാക്സിന്‍ വിതരണം നടക്കുന്നത്.
ആദ്യ ഘട്ട വാക്സിന്‍ എത്തിയതു ചരിത്ര നിമിഷമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. വാക്സിനേഷന്‍ മറ്റു ജില്ലകളിലേക്കും ജില്ലയിലെ വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്സിന്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി സഹകരിച്ച വിമാനത്താവള അധികൃതരേയും എയര്‍ലൈന്‍ ഉദ്യോഗസ്ഥരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും ജില്ല കളക്ടര്‍ പറഞ്ഞു.