ആയുഷ് മേഖലയിൽ 14.05 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

18

ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 18ന് വൈകുന്നേരം 4 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. പുതിയ ഒ.പി. കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളിൽ ഓൺലൈനായും പങ്കെടുക്കും. ജി. സ്റ്റീഫൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും.

22 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ നിർമ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും 2 ഇടങ്ങളിൽ പൂർത്തിയാക്കിയ കെട്ടിട ത്തിന്റെ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള 3 ആശുപത്രികൾ, 9 ഡിസ്പെൻസറികൾ, ഹോമിയോപ്പതി വകുപ്പിന്റെ ഒരു ആശുപത്രി, 8 ഡിസ്പെൻസറികൾ, ആയുർവേദ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണി ത്തുറ, കണ്ണൂർ ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ 1.4 കോടി രൂപയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണവും കണ്ണൂർ സർക്കാർ ആയുർ വേദ കോളേജിൽ 2.6 കോടി രൂപയുടെ പുതിയ ഇ.എൻ.ടി ബ്ലോക്കിന്റെ നിർമ്മാണവുമാണ് നടക്കുന്നത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ സർക്കാർ ആയുർവേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്പോർട്സ് ആയുർവേദ ബ്ലോക്കും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ പാങ്ങോട് സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയിലെ പുതിയ കെട്ടിടവുമാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളത്.

NO COMMENTS

LEAVE A REPLY