ന്യൂഡല്‍ഹി • യുഎസില്‍ നിന്ന് ഭാരം കുറഞ്ഞ 145 എം 777 പീരങ്കികള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചു. 5000 കോടി രൂപയുടെ ഇടപാടാണിത്. പീരങ്കികളില്‍ 25 എണ്ണം യുഎസില്‍ നിര്‍മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കും. ഭാരക്കുറവാണ് എം 777 പീരങ്കികളുടെ പ്രത്യേകത. സാധാരണ പീരങ്കികള്‍ റോഡ് മാര്‍ഗമാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇവ ഹെലികോപ്റ്ററില്‍ കൊണ്ടുപോകാനാകും. ചൈനീസ് അതിര്‍ത്തിയില്‍, പ്രത്യേകിച്ച് അരുണാചല്‍പ്രദേശിലും ലഡാക്കിലും ഉപയോഗിക്കാനാണ് ഉദ്ദേശ്യം. 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നിറയൊഴിക്കാനാവും.