മുംബൈ : മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം പിന്‍വലിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെവന്നതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. രാജ്യം ഇന്നുവരെ കാണാത്ത തരത്തിലുള്ള സമരത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ആറുദിവസംമുന്‍പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഇന്ന് മുംബൈയിലെത്തിയപ്പോഴേക്കും ജാഥാംഗങ്ങള്‍ ഒരു ലക്ഷത്തിലധികമായിരുന്നു.