കൊച്ചി : കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് പൊലീസ്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ അസ്ഥികൂടമെന്നാണ് നിഗമനം. വെള്ളി അരഞ്ഞാണം, വസ്ത്രാവശിഷ്ടം എന്നിവയില്‍ നിന്നാണ് മൃതദേഹം സ്ത്രീയുടേതെന്ന നിഗമനത്തില്‍ പൊലീസെത്തിയത്. അസ്ഥികൂടത്തിന്‍റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. എന്നാല്‍ മൃതദേഹം ആരുടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ക്രീറ്റ് നിറച്ച് അടച്ച നിലയിലാണ് കായലില്‍ നിന്നും വീപ്പ കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളാണ് വീപ്പ കരയിലെത്തിച്ചത്. കൊലയ്ക്ക് ശേഷം മൃതദേഹം വീപ്പയിലേക്കി കോണ്‍ക്രീറ്റ് ഒഴിച്ച് കായലില്‍ തള്ളിയതാണെന്ന് കരുതുന്നു. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ് വീപ്പ ആദ്യം മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. രണ്ട് മാസം മുമ്ബാണ് ഡ്രഡ്ജിംഗിനിടെ വീപ്പ കരയിലെത്തിച്ചത്.
രണ്ടുമാസം മുമ്പ് നെട്ടൂര്‍ കായലില്‍ കൈകാലുകള്‍ ബന്ധിച്ച് ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവാവിന്റെ ജഡം കണ്ടെത്തിയിരുന്നു. ഈ മൃതദേഹവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുസംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.