ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ 100 ദിന പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് രാജ്യത്തെ 50 റെയില്‍വേ സ്റ്റേഷനുകളും 100 പാതകളും സ്വകാര്യവത്കരിക്കുക എന്നത്. തിരുവനന്തപുരം-ഗുവാഹതി കൂടാതെ മുംബൈ-കൊല്‍ക്കത്ത, മുംബൈ-ചെന്നൈ, മുംബൈ-ഗുവാഹതി, ന്യൂഡല്‍ഹി-മുംബൈ, ന്യൂഡല്‍ഹി-കൊല്‍ക്കത്ത, ചെന്നൈ-ന്യൂഡല്‍ഹി, ചെന്നൈ-കൊല്‍ക്കത്ത, ചെന്നൈ-ജോധ്പൂര്‍ എന്നീ ദീര്‍ഘദൂര പാതകളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്.
ആദ്യഘട്ടത്തില്‍ 100 പാതകളിലായി 150 ട്രെയിനുകളുടെ നടത്തിപ്പു ചുമതല സ്വകാര്യമേഖലക്ക് കൈമാറുന്നതില്‍ തിരുവനന്തപുരം-ഗുവാഹതി അടക്കം 10 പാതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 22,500 കോടി രൂപ സ്വരൂപിക്കലാണ് ലക്ഷ്യം.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് തേജസ് എക്സ്പ്രസ് നടത്തിപ്പ് ഐ.ആര്.സി.ടി.സിക്ക് നല്‍കിയിരുന്നു.
തിരുവനന്തപുരം-എറണാകുളം പാതയിലും സര്‍വിസ് നടത്തിപ്പ് സ്വകാര്യമേഖലക്ക് കൈമാറുന്നത് നേരത്തെ തന്നെ റെയില്‍വേയുടെ പരിഗണനയിലുണ്ട്. എന്നാല്‍, ഇതടക്കമുള്ള ഹ്രസ്വദൂര പാതയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജനുവരിയില്‍ നടത്തിപ്പു ചുമതല സ്വകാര്യമേഖലക്ക് കൈമാറാനുള്ള നടപടികളാണിപ്പോള്‍ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത അംഗീകാര സമിതി (പി.പി.പി.എ.സി) അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയാക്കി.