ജൊഹാനസ്ബര്‍ഗ്: ജോഹാന്നസ്ബര്‍ഗില്‍ ഭേദപ്പെട്ട രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 194 റണ്‍സിനു പുറത്താക്കി രണ്ടാം ദിവസം ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജസ്പ്രീത് ബുംറ അഞ്ചും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 65.5 ഓവറില്‍ അവസാനിക്കുകയായിരുന്നു. ഹാഷിം അംല(61), വെറോണ്‍ ഫിലാന്‍ഡര്‍(35), കാഗിസോ റബാഡ(30) എന്നിവരൊഴികെ ആര്‍ക്കും തന്നെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 7 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ നേടിയത്. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ പാര്‍ത്ഥിവ് പട്ടേലിനെ ഓപ്പണറായി ഇറക്കി ഏവരെയും ഞെട്ടിച്ചു. 15 പന്തില്‍ 16 റണ്‍സ് നേടി പാര്‍ത്ഥിവ് പുറത്തായെങ്കിലും പിന്നീടെത്തിയ കെഎല്‍ രാഹുലും മുരളി വിജയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിക്കുവാന്‍ ഇന്ത്യയെ സഹായിച്ചു. 17 ഓവറുകള്‍ നേരിട്ട ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്. മുരളി വിജയ് 13 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 16 റണ്‍സ് നേടി. 42 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്. വെറോണ്‍ ഫിലാന്‍ഡറിനാണ് പാര്‍ത്ഥിവിന്റെ വിക്കറ്റ് ലഭിച്ചത്.