സൈന്യത്തിനായി 3,547 കോടി രൂപയുടെ അത്യാധുനിക തോക്കുകള്‍ വാങ്ങും

297

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് 166,000 അത്യാധുനിക തോക്കുകള്‍ വാങ്ങാന്‍ തീരുമാനമായി. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷയായ ഉന്നത സര്‍ക്കാര്‍ സമിതിയുടേതാണ് തീരുമാനം. 72,400 അസോള്‍ട്ട് റൈഫിളുകളും 93,895 കാര്‍ബൈന്‍ തോക്കുകളും അടക്കം 3547 കോടിയുടെ ആയുധങ്ങള്‍ എത്രയും വേഗം വാങ്ങാനാണ് സമിതിയുടെ തീരുമാനം. 11 വര്‍ഷം മുമ്പാണ് അത്യാധുനിക തോക്കുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശം സൈന്യം സമര്‍പ്പിക്കുന്നത്. എന്നാല്‍ യോഗ്യരായ വിതരണക്കാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആയുധങ്ങള്‍ വാങ്ങുന്നത് അനിശ്ചിതമായി തടസപ്പെടുകയായിരുന്നു. 2016ലും ആയുധം വാങ്ങുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും ഈ ശ്രമവും പരാജയപ്പെട്ടു. ചൊവ്വാഴ്ച ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച എല്ലാ നൂലാമാലകളും തീര്‍ക്കാനും എത്രയും പെട്ടെന്ന് ആയുധങ്ങള്‍ വാങ്ങാനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സൈന്യത്തില്‍ ഉടന്‍ തന്നെ ആയുധങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനും ആയുധക്കരാറില്‍ കഴിയും വേഗം ഒപ്പിടാനും യോഗം തീരുമാനത്തിലെത്തി. സോവിയറ്റ് നിര്‍മിത എ.കെ 47 തോക്കുകളും ഇന്ത്യന്‍ നിര്‍മ്മിത ഇന്‍സാസ് തോക്കുകളുമാണ് 1988 മുതല്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച്‌ വരുന്നത്.

NO COMMENTS