സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതിതീവ്രമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 16 ആയി. (ഞായർ ഉച്ചയ്ക്ക് രണ്ടു മണിവരെ). കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ 12 പേരുടെ മൃതദേഹവും ഇടുക്കി യിലെ കൊക്കയാറിൽ മൂന്നുപേരുടെ മൃതദേഹവും കണ്ടെടുത്തതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഏറാമലയിൽ പെരിയാട്ടു നൂർജഹാൻ -മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞ് വെള്ളക്കെട്ടിൽ വീണു മരിച്ചു. പ്രകൃതി ക്ഷോഭത്തിൽ കാണാതായവർക്കായി വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാൽ കോട്ടയത്ത് അപകടകരമായ സാഹചര്യങ്ങളിൽ കഴിഞ്ഞ 321 കുടുംബങ്ങളിലെ 1196 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ യെല്ലൊ അലെർട്ട് നിലവിലുണ്ട്.ഇടുക്കി ജില്ലയിലും മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ 23 ക്യാമ്പുകളിലായി 219 കുടുംബത്തിലെ 812 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേന, എൻജിനിയർ ടാസ്‌ക് ഫോഴ്‌സ് (ETF), ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സ് (DSC) തുടങ്ങിയ വിഭാഗങ്ങൾക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും സജീവമായി രംഗത്തുണ്ട്. വായുസേനയെയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
ഒക്ടോബർ 11 മുതൽ തുടങ്ങിയ മഴക്കെടുതിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ യാസ്, ടൗട്ടെ ചുഴലിക്കാറ്റുകളെ തുടർന്ന് ആരംഭിച്ച 9 ക്യാമ്പുകൾ ഉൾപ്പെടെ ആകെ 156 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ 1253 കുടുംബങ്ങളിലെ 4713 പേരെ മാറ്റിപാർപ്പി ച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി 423080 പേരെ ഉൾക്കൊള്ളാവുന്ന 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്.