തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 18 കോടിയുടെ ലേഡീസ് ഹോസ്റ്റൽ

119

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാർച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.

6 നിലകളുള്ള കെട്ടിടത്തിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 18 കോടിയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകളാണ് കെട്ടിടത്തിലുള്ളത്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

മെഡിക്കൽ വിദ്യാർത്ഥികളുടെ ദീർഘകാല ആവശ്യമാണ് ലേഡീസ് ഹോസ്റ്റലിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് മതിയായ താമസ സൗകര്യവും സജ്ജമാക്കി വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി സർക്കാർ പ്രത്യേക പ്രാധാന്യം നൽകി വരുന്നു. അടുത്തിടെ മെഡിക്കൽ കോളേജിനായി 25 അധ്യാപക തസ്തികകൾ സൃഷ്ടിച്ചു.

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, ജറിയാ ട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി തുടങ്ങിയ വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോർജ് നിരവധി തവണ മെഡിക്കൽ കോളേജിലെത്തിയും അല്ലാതെയും ചർച്ചകൾ നടത്തി ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി ദേശീയ റാങ്കിംഗ് പട്ടികയിൽ മെഡിക്കൽ കോളേജ് ഉൾപ്പെട്ടു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. റോഡുകളും പാലവും ഉൾപ്പെടെ ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

സർക്കാർ മേഖലയിൽ രാജ്യത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റർ മെഡിക്കൽ കോളേജിൽ സജ്ജമാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. മെഡിക്കൽ കോളേജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവയും സ്ഥാപിച്ചു.

NO COMMENTS

LEAVE A REPLY