കാസറഗോഡ് : കോവിഡ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ ലഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് കണ്‍വീണറുമായിട്ടുള്ള ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയാണ് തുക കൈകാര്യം ചെയ്യുക.
ഒ.പി.ടിക്കറ്റ്, ലാബറട്ടറി, എക്സ് റേ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം സ്വീകരിക്കുന്നതും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ ഇവയ്ക്കുള്ള ചെലവുകളില്‍ ഒരു ഭാഗം വഹിക്കുന്നതും എച്ച്. എം.സി. ആണ്. കോവിഡ് കാലത്ത് രോഗികളുടെ എണ്ണവും ലാബിലെ തിരക്കും ഓപ്പറേഷനുകളും എല്ലാം കുറഞ്ഞ് ആശുപത്രി മാനേജ്മെന്റ് സമിതിക്ക് ധാരാളം വരുമാന നഷ്ടം ഉണ്ടായി. ഈ പ്രതിസന്ധി എന്‍.എച്ച്.എം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.
ശമ്പള ചിലവ്, രോഗികള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ബ്ലഡ് കമ്പോണന്റ് സെപെറേഷന്‍ യൂണിറ്റ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നാല്‌ലക്ഷം രൂപ, കോവിഡ് കാലത്ത് ജീവനക്കാര്‍ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ്, എന്‍ 95 മാസ്‌ക്കുകള്‍ തുടങ്ങിയ ചിലവുകള്‍ തുക ഉപയോഗിച്ച് പരിഹരിക്കാനാകും. നിലവില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന രോഗികളുടെയെല്ലാം ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട്. ആന്റിജന്‍ ടെസ്റ്റിനും ഫണ്ടില്‍ നിന്നും തുക അനുവദിക്കും.
എന്‍.എച്ച്.എം നല്‍കിയ 20 ലക്ഷം രൂപ കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മുന്‍കൂറായി എം ആന്റ് എസ് ഫണ്ടായി ലബോറട്ടറി കെമിക്കല്‍സ് വാങ്ങാന്‍ ചിലവാക്കിയ തുക സര്‍ക്കാരില്‍ നിന്ന് നേരിട്ട് തിരികെ ലഭിച്ചെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ.കെ രാജാറാം പറഞ്ഞു.
സംസ്ഥാന തലത്തില്‍ ശമ്പളം അടക്കമുള്ള ചിലവുകള്‍ നേരിടാന്‍ 33 കോടി രൂപ നാഷണല്‍ ഹെല്‍ത്ത് മിഷന് അനുവദിച്ചു. അതില്‍ ജില്ലയ്ക്ക് 33,91,838 രൂപ ലഭിച്ചു. ജനറല്‍ ആശുപത്രിക്കൊപ്പം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് 12,21,838രൂപ, മാവിലാ കടപ്പുറം പി.എച്ച്.സിയ്ക്ക് 60,000 രൂപ, പൂല്ലൂര്‍ 10,000 രൂപ ഇങ്ങനെ നല്‍കിയിട്ടുണ്ട്.