തൊഴിൽ അന്വേഷകർക്കായി 210 നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

12

തൊഴിൽ അന്വേഷകർക്ക് തൊഴിൽ നൈപുണ്യം ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് സംസ്ഥാനത്ത് 210 നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വർത്തമാന കാലഘട്ട വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഒഴിവാക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ കോഴ്‌സുകൾക്ക് ആവശ്യമായ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ.എസ്.ക്യു.എഫ്) അധിഷ്ഠിത ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് എസ്.ഐ.ഇ.ടി നടത്തിവരുന്നത്. വിദ്യാഭ്യാ സത്തിനൊപ്പം തൊഴിൽ ശേഷി വർദ്ധിപ്പിക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ വൊക്കേഷണൽ കോഴ്‌സുകൾ ചേർത്താണ് എൻ.എസ്.ക്യു.എഫ്. നടപ്പാക്കുന്നത്. സംസ്ഥാനത്ത് 389 സ്‌കൂളുകളിലായി 1,101 ബാച്ചുകളിൽ എൻ.എസ്.ക്യു.എഫ്. തൊഴിൽ കോഴ്‌സുകൾ ആരംഭിക്കും. രാജ്യത്തിലെ തന്നെ ഏറ്റവും വിപുലമായ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് ഇത്.

കൃഷി മുതൽ സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് കോഴ്‌സുകൾ വരെ നടപ്പാക്കാൻ എസ് ഐ ഇ ടി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ആരംഭിക്കുന്ന 210 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിൽ പരമ്പരാഗത തൊഴിൽ കോഴ്‌സുകൾക്ക് പുറമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകളിലും പരിശീലനം നൽകും. ഇതിലൂടെ ആധുനിക ശേഷിയും ലോകനിലവാരവുമുള്ള യുവ സമൂഹത്തെ കേരളം വാർത്തെടുക്കുമെന്നും നവകേരളം എന്നത് യാഥാർത്ഥ്യമാകും എന്നും മന്ത്രി പറഞ്ഞു. വിഎച്ച്എസ്ഇ അധ്യാപകരുടെ സേവനം ഇതിനായി ഉപയോഗിക്കും.

ഘട്ടം ഘട്ടമായി 47 സ്‌കിൽ കോഴ്‌സുകളിലേക്കുള്ള പഠന സഹായികൾ തയ്യാറാക്കാൻ എസ്. ഐ.ഇ.ടി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പഠനസഹായികൾ സാമൂഹ്യമാധ്യമങ്ങൾ വഴി പഠിക്കാൻ താല്പര്യമുള്ള എല്ലാവർക്കും ലഭ്യമാക്കും. തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ഒട്ടേറെ നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സിറ്റി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ മേരി പുഷ്പം, എസ് സി ഇ ആർ ടി ഡയറക്ടർ ഡോക്ടർ ആർ കെ ജയപ്രകാശ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ പ്രമോദ്, വി എച്ച് എസ് ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, സീമാറ്റ് കേരള ഡയറക്റ്റർ വി ടി സുനിൽ, സ്‌കൂൾ പ്രിൻസിപ്പൽ എസ് ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ജിജി എസ്, പിടിഎ പ്രസിഡണ്ട് ജസ്റ്റിൻ സിൽവസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY