ഇന്ന് അറഫാ സംഗമം. നാഥന്റെ വിളിക്കുത്തരം നല്കാന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ വിശ്വാസികള്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ഹജ്ജിനെത്തിയ മനുഷ്യ വൈവിധ്യങ്ങള്‍ ദേശങ്ങള്‍ക്കും, ഭാഷകള്‍ക്കും നിറങ്ങള്ക്കുമപ്പുറം ഒന്നാകുന്ന മഹാസംഗമമാണ് അറഫാ സംഗമം. 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍ ഇന്ന് സംഗമിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് തിങ്കളാഴ്ച പുലരും മുമ്ബുതന്നെ നിറഞ്ഞുകവിഞ്ഞു. മുഹമ്മദ് നബി മനുഷ്യകുലത്തിന്റെ വിമോചന പ്രഖ്യാപനം നിര്‍വഹിക്കാന്‍ കയറിനിന്ന ജബലുര്‍റഹ്മയും നേരം പുലരും മുമ്ബേ തീര്‍ത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്.
മുഴുവന്‍ തീര്‍ഥാടകരും ഉച്ചയോടെ അറഫയില്‍ സംഗമിക്കും. ഉച്ചക്കും വൈകുന്നേരവുമുള്ള നമസ്കാരങ്ങള്‍ ഇവിടെ ഒരുമിച്ച് നിര്‍വഹിക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്നു തുടങ്ങുന്ന നാഥനെ വാഴ്ത്തുന്ന തല്‍ബിയത്ത് മന്ത്രങ്ങളുമായി തീര്‍ഥാടകര്‍ അറഫയിലേക്കൊഴുകുകയാണ്. ഉച്ച മുതല്‍ അസ്തമയം വരെ അറഫയില്‍ നില്‍ക്കലാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ്. അറഫയിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞ് സൂര്യാസ്തമയമാകുമ്ബോള് മുസ്ദലിഫയിലെത്തി അവിടെ വിശ്രമിക്കും. ഇശാ-മഗ്രിബ് നമസ്കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കും. ദുല്‍ഹജ്ജ് 10 പുലരുന്നതോടെ മിനായിലെ കൂടാരങ്ങളിലേക്ക് തിരിച്ചുപോവും. അവിടെ രാത്രി താമസിച്ചാണ് പിന്നീടുള്ള കര്‍മങ്ങള്‍.