തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ 217 ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലകളിൽ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ 163 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇടുക്കിയിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങൾ എൻ. ഡി. ആർ. എഫ് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊല്ലത്ത് മൺട്രോത്തുരുത്തിലും കരുനാഗപ്പള്ളി, പരവൂർ എന്നിവിടങ്ങളിലെ തീരമേഖലകളിലും എൻ. ഡി. ആർ. എഫ് സന്ദർശനം നടത്തി. തെൻമല ഡാമിന്റെ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ എല്ലാം തിരികെയെത്തിയിട്ടുണ്ട്. കോട്ടയത്ത് ഡിസംബർ അഞ്ച് വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.
ആലപ്പുഴയിൽ 17 അംഗ എൻ. ഡി. ആർ. എഫ് സംഘം അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതൽ പുറക്കാട് അയ്യൻകോയിക്കൽ കടപ്പുറം വരെ സന്ദർശിച്ചു. ഇടുക്കിയിൽ എൻ. ഡി. ആർ. എഫിന്റെ 20 അംഗ സംഘം പൈനാവിലും 20 അംഗങ്ങളുള്ള മറ്റൊരു സംഘം മൂന്നാറിലും ക്യാമ്പ് ചെയ്യുന്നു. എറണാകുളത്ത് 19 അംഗ എൻ. ഡി. ആർ. എഫ് സംഘം എത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ 16 അംഗ എൻ. ഡി. ആർ. എഫ് സംഘമാണുള്ളത്.