കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.സി.ടി.സി ക്യാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി 22,000 രൂപ രാജിഫീസ് അടച്ചു. 150 മി.ല്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ അഞ്ച് രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐ.ആർ.സി.ടി.സി യുടെ നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും അഞ്ച് രൂപയ്ക്ക് പകരം 10 രൂപയാണ് ഈടാക്കികൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു.
കൊല്ലം അസിസ്റ്റന്റ് കൺട്രോളർ സുരേഷ് കുമാർ കെ.ജി., കൊട്ടാരക്കര ഇൻസ്പെകടർ അതുൽ എസ്.ആർ., ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് ഉണ്ണിപ്പിള്ള ജെ., ഓഫീസ് അസിസ്റ്റന്റുമാരായ രാജീവ് എസ്., വിനീത് എം.എസ്., ദിനേശ് പി.എ., സജു ആർ. എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരിന്നു.