തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 870 കിലോമീറ്ററും അകലെ എത്തിയതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഖി ദുര്‍ബലമായെങ്കിലും കേരളത്തില്‍ ഇന്നും കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ട്. തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയരാനിടയുണ്ട്. താഴ്ന്നുകിടക്കുന്ന തീരപ്രദേശങ്ങളില്‍ തിരത്തള്ളലിനും സാധ്യതയുണ്ടെന്നുമാണ് സൂചന.
അതിനിടെ, മറ്റൊരു ചുഴലിക്കാറ്റിനു സാധ്യതയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ആന്‍ഡമാനില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെത്തിയ ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തിപ്പെട്ടു നാളെ തമിഴ്‌നാട്, ആന്ധ്ര തീരത്തെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.