ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. ചാവക്കാട് മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് റിമാന്‍ഡ് പ്രതികളാണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച് ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി ഫര്‍ഷാദ് (20), തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), തൊട്ടാപ്പ് പുളിഞ്ചോട് ഷെഹറൂഫ് (19) എന്നിവര്‍ രക്ഷപ്പെട്ടത്. വ്യാഴാഴ്ച എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തി പിടിയിലായവരാണിവര്‍. ഇവരില്‍ ഫര്‍ഷാദിനെയും ഷെഹറൂഫിനെയും പാലക്കാട്ടുവെച്ച് പിടിച്ചു. ഫര്‍ഷാദിനെ ബുധനാഴ്ച രാവിലെ പാലക്കാട് മങ്കരയില്‍നിന്ന് വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. ഫര്‍ഷാദിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന ഷെഹറൂഫ് ഓടിരക്ഷപ്പെട്ടെങ്കിലും വൈകീട്ട് ഇയാളും വലയിലായി. നാഫില്‍ ഇവരില്‍നിന്നു പിരിഞ്ഞ് കൊച്ചി ഭാഗത്തേക്ക് കടന്നതായാണ് സൂചന.
പ്രതികള്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവര്‍ മൂന്നുപേരെയും കേസിലെ മറ്റൊരു പ്രതിയായ തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിറി(44)നെയും കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രാത്രി എട്ടിന് വൈദ്യപരിശോധനയ്ക്കായി നാലുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ജാബിറിന് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 10.30-ഓടെ സ്റ്റേഷനിലെത്തിച്ചു.
തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ച് കൈ കഴുകാനായി തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിയോടുചേര്‍ന്നുള്ള മറ്റൊരു മുറിയിലേക്ക് ഇവര്‍ പോയി. മുമ്ബ് ശൗചാലയമായി ഉപയോഗിച്ചിരുന്ന ഈ മുറിയുടെ മേല്‍ക്കൂരയില്‍ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ചുമരുകള്‍ക്കും ഷീറ്റിനും ഇടയിലുള്ള വിടവിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് പുറത്തേക്ക് ചാടിക്കടക്കാം. കൈ കഴുകാനെത്തിയ പ്രതികള്‍ മൂവരും ഈ വിടവിലൂടെ പുറത്തേക്ക് ചാടിരക്ഷപ്പെടുകയായിരുന്നു.
കൈ കഴുകാന്‍ പോയ പ്രതികള്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പോലീസുകാര്‍ ഈ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് പ്രതികള്‍ രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നത്. അപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. തൃശ്ശൂര്‍ പൂരം ഡ്യൂട്ടി നല്‍കിയിട്ടുണ്ടായിരുന്നതിനാല്‍ സംഭവസമയത്ത് മൂന്ന് പോലീസുകാര്‍ മാത്രമേ സ്റ്റേഷനില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു. ഇവര്‍ മൂന്നുപേരും സ്റ്റേഷന്റെ മുന്‍വശത്തായിരുന്നു.