തിരുവനന്തപുരം: പുതിയ ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചാര്‍ജ് വര്‍ധന. അതേസമയം രണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരുരൂപ കുറച്ചു. നിലവില്‍ ഒന്‍പത് രൂപയായിരുന്നത് എട്ടായി കുറഞ്ഞു. വര്‍ധനയുടെ 25 ശതമാനം മാത്രം സ്റ്റേജിന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇതുപ്രകാരം ഒരുരൂപ വര്‍ധിപ്പിക്കുമ്ബോള്‍ 25 പൈസ മാത്രമേ രണ്ടാം സ്റ്റേജില്‍ ഈടാക്കാനാവൂ. എന്നാല്‍, 50 പൈസയ്ക്ക് താഴെയുള്ള വര്‍ധന കണക്കിലെടുക്കാന്‍ പാടില്ല. പഴയനിരക്കുതന്നെ തുടരും. ഇതാണ് രണ്ടാം സ്റ്റേജില്‍ നിരക്കുവര്‍ധന ഒഴിവായത്. പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജില്‍ രണ്ടു രൂപയാണ് വിദ്യാര്‍ത്ഥികളുടെ നിരക്ക്. ഇതില്‍ വര്‍ധനയില്ല.
12, 13 രൂപ ഈടാക്കുന്ന നാല് അഞ്ച് സ്റ്റേജുകളില്‍ രണ്ട് രൂപയാണ് ഈടാക്കിയിരുന്നത്. അത് മൂന്നു രൂപയായി ഉയര്‍ത്തി. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മൂന്ന് സ്റ്റേജുകളാണ് പ്രധാനപ്പെട്ടത്. ഇതില്‍ കാര്യമായ വര്‍ധനവില്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും. രണ്ടാം സ്റ്റേജിലെ ഒരുരൂപ കുറവും ഗുണകരമാകും. ജന്റം ലോഫ്ളോര്‍ എസി, നോണ്‍ എസി, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, മള്‍ട്ടി ആക്സില്‍ സ്കാനിയ, വോള്‍വോ ബസുകളുടെ നിരക്കും നാളെ മുതല്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ജന്റം ലോഫ്ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്കു 10 രൂപയാക്കി. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 80 ആകും. മിനിമം നിരക്കില്‍ അഞ്ചു കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. നിലവില്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയായിരുന്നു.
ലോഫ്ളോര്‍ എസി ബസുകളുടെ മിനിമം നിരക്ക് 15 രൂപയില്‍നിന്ന് 20 ആകും. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. ഇത്തരം ബസുകളുടെ കിലോമീറ്റര്‍ നിരക്കില്‍ വര്‍ധനയില്ല. 1.50 രൂപയാണു കിലോമീറ്റര്‍ നിരക്ക്. മുന്‍പു ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ് നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഇവ ഉള്‍പ്പെടുത്തിയിരുന്നില്ല. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടിആക്സില്‍ സ്കാനിയ, വോള്‍വോ ബസുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ ഇത്തരം ബസുകളില്‍ 80 രൂപ മിനിമം നിരക്കു നല്‍കേണ്ടി വരും. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്നു രണ്ടാക്കി. സൂപ്പര്‍ എയര്‍ എക്സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 25ല്‍ നിന്ന് 28 രൂപയാക്കി. മിനിമം നിരക്കില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 85 പൈസയില്‍നിന്നു 93 പൈസയാകും.