കേന്ദ്ര ബജറ്റ് ; കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്        

38

24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.  പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ സവിശേഷമായ ചില ആവശ്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്. 2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്.  ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. 

ഒപ്പം ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ½ ശതമാനവും ചേർത്ത് മൂന്നര ശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്.  എന്നാൽ 2022-23ൽ 2.44 ശതമാനം മാത്രമാണ് എട്ടുടുക്കാൻ അനുവദിച്ചത്. കഴിഞ്ഞ വർഷമാകട്ടെ 2.88 ശതമാനവും. 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിൽ പ്രതിവർഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു.

റവന്യു കമ്മി ഗ്രാന്റ്, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്.  കേരളത്തിന് അർഹമായ വലിയ തോതിലുള്ള തുക കിട്ടാനുണ്ട്.  അത് മുഴുവൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല.  ഇതെല്ലാം ബോധ്യപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.

 കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങൾ എടുത്ത വായ്പയുടെ പേരിൽ ഈ വർഷവും അടുത്ത വർഷവും 5710 കോടി രൂപ വീതമാണ് വായ്പയിൽ കുറയുന്നത്.  ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമാ യ ഏതാണ്ട് 6000 കോടി രൂപ നൽകേണ്ടി വരുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇതും കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറച്ചിരിക്കുകയാണ്. ഇതിന് തുല്യമായ തുക ഈ വർഷം ഉപാധിരഹിതമായി കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരളം മാത്രമല്ല, പല സംസ്ഥാനങ്ങളും കടപരിധി ഉയർത്തൽ, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന് മുമ്പാകെ വച്ചിട്ടുണ്ട്.  എൻ.ഡി.എ മുന്നണിയിലെ ഘടകകക്ഷികളായ സംസ്ഥാനങ്ങളടക്കം ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.  ചില സംസ്ഥാനങ്ങൾ ഒരു ശതമാനം മുതൽ കടമെടുപ്പ് പരിധി വർദ്ധനവാണ് ആവശ്യപ്പെട്ടിട്ടുള്ളത്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.  8867 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 5595 കോടി രൂപ സംസ്ഥാനമാണ് വഹിക്കുന്നത്.

നിലവിൽ 818 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതമായുള്ളത്.  കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതി (CAPEX)യിൽ നിന്ന് ബ്രാൻഡിംഗിന്റെ പേര് പറഞ്ഞ് കേരളത്തിന് സഹായം നിഷേധിച്ചു.  കോഴിക്കോടി നെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയിൽവേ സംവിധാനങ്ങളുടെ നവീകരണവും ശാക്തീകരണ വും, എയിംസ്, റബ്ബറിന്റെ താങ്ങ് വില ഉയർത്തൽ, പരമ്പരാഗത മേഖലയുടെ നവീകരണത്തിനും തൊഴിലവസരങ്ങൾ ഉയർത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ നമ്മുടെ ആവശ്യങ്ങളായി കേന്ദ്ര ധനകാര്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. 

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്റെ കുടിശ്ശികയായ 3686 കോടി രൂപയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ബജറ്റിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്.  കുറച്ചുകൂടി ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് രാജ്യത്ത് ഉയർന്നുവന്നിട്ടുള്ളതെന്നതും നമുക്ക് പ്രതീക്ഷ തരുന്ന കാര്യങ്ങളാണ്.

ഇക്കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിന് കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സഹായവും സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച എം.പിമാരുടെ യോഗം ഒരുമിച്ച് നിൽക്കാമെന്ന അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 
 
കേരളത്തിന് അർഹമായ നികുതി വിഹിതം കിട്ടുന്നില്ല എന്ന യാഥാർത്ഥ്യം മുതിർന്ന സാമ്പത്തിക വിദഗ്ദ്ധർ വരെ അംഗീകരിക്കുക യാണ്.  സാമ്പത്തിക ശാസ്ത്രജ്ഞൻ അരവിന്ദ് സുബ്രഹ്‌മണ്യൻ തന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ സംബന്ധിച്ച് ചില വസ്തുതകൾ കഴിഞ്ഞദിവസം പങ്കിട്ടിട്ടുണ്ട്.  സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ സമാഹരിക്കുന്ന നികുതി അടിസ്ഥാനത്തിന്റെ 80-85 ശതമാനമെങ്കിലും അതത് സംസ്ഥാനങ്ങൾക്ക് വിഹിതമായി കിട്ടണമെന്ന നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. 

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ കേരളത്തിന് നികുതി വിഹിതത്തിൽ വന്നിട്ടുള്ള നഷ്ടം ഏകദേശം 15,000 കോടി യിൽ അധികമാണെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ നിന്ന് മനസ്സിലായിട്ടുള്ളതായി വ്യക്തമാക്കുന്നു.  ഈ ധനകമ്മീഷന്റെ കാലയളവിൽ 5 വർഷത്തിൽ സംസ്ഥാനത്തിന്റെ മൊത്തം നികുതി വിഹിത നഷ്ടം 75,000 കോടി രൂപ കവിയുമെന്നാണ് കണക്കാക്കുന്നത്.  ഇക്കാര്യമാണ് കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി എന്ന നിലയിൽ മുന്നോട്ടുവെയ്ക്കാൻ ശ്രമിച്ചിട്ടുള്ളത്.  16-ാം ധനകാര്യ കമ്മീഷന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സംസ്ഥാനം ഇക്കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
 
രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷം ചെലവുകളെല്ലാം കുറച്ചു, ഒന്നും നൽകുന്നില്ല എന്നിങ്ങനെ ചിലർ നടത്തുന്ന ന്യായവാദങ്ങൾ തികച്ചും അടിസ്ഥാനമില്ലാത്തതാണ്.  ഒന്നാം പിണറായി സർക്കാരിന്റെ 5 വർഷക്കാലം പ്രതിവർഷം ശരാശരി ചെലവ് 1,20,000 കോടി രൂപയായിരുന്നു.  എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി പ്രതിവർഷ ചെലവ് 1,60,000 കോടി രൂപയാണ്.  കേന്ദ്രത്തിൽ നിന്നുള്ള വിവിധ തുകകളിൽ പ്രതിവർഷം 57,000 കോടി രൂപ കുറവ് വരുമ്പോഴും ചെലവിൽ 40,000 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

വിവിധ ആനുകൂല്യങ്ങളിലുണ്ടായ വർദ്ധനവാണ് ചെലവ് ഉയർത്തുന്നതിലെ മുഖ്യ ഘടകമാകുന്നത്.  കോവിഡ് കാലത്ത് ശമ്പള- പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കിയ അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.  ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച ഈ ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ നൽകി തുടങ്ങിയത് രണ്ടാം പിണറായി സർക്കാരാണ്.  വർദ്ധിപ്പിച്ച ശമ്പളവും പെൻഷനും ബാധ്യതയും അത് നൽകാനുള്ള വലിയ ഉത്തരവാദിത്തവും ഈ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 2017 മുതൽ 2021 വരെയുള്ള ഡി.എ കുടിശ്ശിക പി.എഫിൽ ക്രെഡിറ്റ് ചെയ്തത് ഈ സർക്കാർ വന്ന ശേഷമാണ്.  ഇതും ചേർത്ത് പബ്ലിക് അക്കൗണ്ടിന്റെ പേരിൽ കടപരിധിയിൽ നിന്ന് വെട്ടിക്കുറവ് വരുത്തുകയായിരുന്നു കേന്ദ്ര സർക്കാർ. 

സർവ്വീസ് പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ലഭ്യമാക്കൽ, സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധന തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സർക്കാരാണ് നടപ്പാക്കിയത്.  30 ലക്ഷം പേർക്ക് മാസം 600 രൂപ വീതം നൽകിയിരുന്ന ക്ഷേമപെൻഷൻ ഇപ്പോൾ 62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് നൽകുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്പ്) 540 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തുന്നത്  എന്നാൽ 1600 കോടിയോളം രൂപ വർഷം നൽകേണ്ടി വരുന്നു. 4000 മുതൽ 5000 വരെ ആൻജിയോപ്ലാസ്റ്റി ചികിത്സാ ഓരോ സർക്കാർ മെഡിക്കൽ കോളേജിലും വർഷം സൗജന്യമായി നൽകി വരുന്നു.

കെ.എസ്.ആർ.ടി.സിയ്ക്ക് 1000 കോടിയാണ് ബജറ്റിൽ വയ്ക്കുന്നത്.  2400 കോടി വരെ ഇപ്പോൾ വർഷം ചെലവാകുന്നു.  വിലക്കയറ്റ നിയന്ത്രണത്തിനും വിപണി ഇടപെടലിനും സപ്ലൈകോയ്ക്ക്  205 കോടി രൂപയാണ് ബജറ്റിൽ നീക്കിവെയ്ക്കുന്നത്.  എന്നാൽ ഇതൊരിക്കലും മതിയാകില്ല.  ആവശ്യമായത്ര തുക ലഭ്യമാക്കുന്നുണ്ട്.  സപ്ലൈകോയുടെ പ്രവർത്തനം നന്നായി നടക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.   എസ്.സി. എസ്.ടി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പുകളിൽ ഏകദേശം ആയിരത്തോളം കോടി രൂപ മുൻസർക്കാരുകളുടെ കാലത്തുള്ളത് ഈ സർക്കാർ നൽകിയിട്ടുണ്ട്.  കഴിഞ്ഞ മാർച്ചിൽ മാത്രം 540 കോടി രൂപയാണ് ഇത്തരം ആനുകൂല്യങ്ങൾക്കായി നീക്കിവെച്ചത്. 

നാലും അഞ്ചും വർഷം മുമ്പുള്ള ആനുകൂല്യങ്ങളുടെ പോലും തുക അതത് കാലത്തെ സർക്കാരുകൾക്ക് നൽകേണ്ടി വരാറുണ്ട്.  പരമ്പരാഗത മേഖലയിലെ പല ആനുകൂല്യങ്ങൾക്കും ഇത്തരത്തിൽ കുടിശ്ശിക നൽകി വരാറുണ്ട്.   കിഫ്ബിയിൽ ഇതു വരെ 30,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.  ഇതിൽ 20,000 കോടിയും ചെലവാക്കിയത് രണ്ടാം പിണറായി സർക്കാരാണ്.  സാമൂഹ്യ സുരക്ഷാ പെൻഷനായി 8000 കോടി രൂപയാണ് ഉമ്മൻചാണ്ടി സർക്കാർ നൽകിയത്.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇത് 32,000 കോടിയായി ഉയർന്നു.  ഈ സർക്കാർ 3 വർഷത്തിനുള്ളിൽ 27,000 കോടി രൂപ നൽകിക്കഴിഞ്ഞു. 

കേന്ദ്രസർക്കാർ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴും ഈ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമെല്ലാം ഏറ്റെടുത്തുതന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.  ഇത്തരം കാര്യങ്ങളാണ് സർക്കാരിന്റെ പ്രഥമ മുൻഗണനകളിലുള്ളത്. ചെലവുകളിൽ കുറവ് വരുത്താൻ ഉദ്ദേശിക്കുന്നില്ല  എന്നാൽ അനാവശ്യ ദുർവ്യയങ്ങളും അനർഹമായ ആനുകൂല്യങ്ങളും നിയന്ത്രിക്കേണ്ടിവരും.
   
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നു.  5000 കോടി രൂപയുടെ വിനിയോഗമാണ് ഏറ്റെടുക്കു ന്നത്.  കെ.എസ്.ആർ.ടി.സി, കെ.റ്റി.ഡി.എഫ്.സി, കേരള ബാങ്ക് എന്നിവയുടെ സാമ്പത്തിക സുതാര്യതയെ ബാധിക്കുന്ന വലിയ ബാധ്യത ഒഴിവാക്കുന്നതിനാവശ്യമായ 650 കോടിയിലധികം രൂപ ഈ സർക്കാർ ലഭ്യമാക്കി. 2018 മുതലുള്ള ബാധ്യതയാണ് ഒഴിവാ ക്കിയത്. സപ്ലൈകോയ്ക്ക് നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിനായി 700 കോടി രൂപയാണ് നൽകിയത്. അടിസ്ഥാന സൗകര്യ വികസനവും കൂടുതൽ തൊഴിൽ അവസരങ്ങളും ഉറപ്പാക്കാൻ വലിയ തോതിലുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY