ജോധ്പൂര്‍ : ആള്‍ദൈവം ആശാറാം ബാപ്പു പതിനാറുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ എസ് സി, എസ് ടി പ്രത്യേക കോടതി ഇന്ന് വിധിപറയും. ജോധ്പൂര്‍ ജയിലില്‍ സജ്ജീകരിച്ച കോടതിയിലാണ് ജഡ്ജി വിധിപ്രസ്താവം നടത്തുക. വിധി പറയുന്നതിന് മുന്നോടിയായി ആശാറാമിന് വന്‍ അനുയായിവ്യന്ദമുള്ള ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളോട് സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശ്രമങ്ങളെന്ന പേരില്‍ ആശാറാമിന് രാജ്യത്ത് 400 കേന്ദ്രങ്ങളുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആശാറാമിനെ പാര്‍പ്പിച്ചിരിക്കുന്ന ജോധ്പൂര്‍ ജയിലിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ ആശാറാമിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നതിനിടെ ആശാറാം പീഡിപ്പിച്ചുവെന്ന് കാണിച്ച് 2013 ഓഗസ്റ്റ് 20നാണ് 16കാരി പരാതി നല്‍കിയത്. വിധിപ്രസ്താവത്തിന് മുന്നോടിയായി പരാതിക്കാരിയുടെ വീടിന് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ സാക്ഷികളായ പത്ത് പേരില്‍ ഏഴ് പേര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ആശാറാമിന്റെ അനുയായികളാണ് ഇതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. ശിക്ഷിക്കപ്പെട്ടാല്‍ ആശാറാമിന് 10 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.