തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി സമ്പ്രദായം ഇല്ല. നോക്കുകൂലി നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. മാര്‍ച്ച് എട്ടിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രേഡ്‌യൂണിയന്‍ ഭാരവാഹികളുടെ ചര്‍ച്ചയിലാണ് നോക്കുകൂലി നിര്‍ത്തലാക്കാനുള്ള തീരുമാനം ഉണ്ടായത്. തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.
ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ പുറപ്പെടുവിച്ച ഏകീകൃതകൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്കു കൂലി നല്‍കണം. പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂലി. ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോല്‍പനങ്ങളുടെ കയറ്റിറക്കു എന്നിവയ്ക്കു തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്കു നിയോഗിക്കാം. അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയമിക്കുന്ന പക്ഷം അതതു മേഖലയില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കണം. തൊഴില്‍വകുപ്പോ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡോ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ജോലിസമയത്ത് തൊഴിലാളികള്‍ കൈവശം വയ്ക്കണം തുടങ്ങിയവയാണ് യോഗം അംഗീകരിച്ച നിബന്ധനകള്‍.